അംഗീകൃത ഓട്ടിസം കേന്ദ്രമെന്ന പദവി നേടി ദുബൈ എമിറേറ്റിലെ പൊതുബീച്ചുകൾ
ദുബൈ എമിറേറ്റിലെ പൊതുബീച്ചുകളെല്ലാം അംഗീകൃത ഓട്ടിസം കേന്ദ്രങ്ങളെന്ന പദവി നേടിയതായി ദുബൈ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. നിശ്ചയദാര്‍ഢ്യമുള്ളവരെ ശാക്തീകരിക്കാനും സമൂഹത്തില്‍ അവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ദുബൈയില്‍ നടന്ന ആക്സസ് എബിലിറ്റീസ് എക്സ്പോയിലാണ് മുനിസിപ്പാലിറ്റിയുടെ പ്രഖ്യാപനം.
ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം. പൊതുബീച്ചുകളില്‍ നിശ്ചയദാര്‍ഢ്യ വിഭാഗങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സൗകര്യങ്ങളും സവിശേഷതകളും മുന്‍നിര്‍ത്തിയാണ് ഇന്റർനാഷനൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ ആൻഡ് കണ്ടിന്യൂയിങ് എജുക്കേഷൻ സ്റ്റാന്‍ഡേര്‍ഡിന്റെ പ്രത്യേക പദവി നല്‍കിയത്.ദുബൈയെ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാടിന് അനുസരിച്ചാണ് മുനിസിപ്പാലിറ്റി ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നത്.നിശ്ചയദാര്‍ഢ്യമുള്ളവരുടെ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാവര്ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനാണ് മുനിസിപ്പാലിറ്റിയുടെ ശ്രമം.
വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ നൂതന സംരംഭങ്ങള്‍ തുടങ്ങാനാണ് ശ്രമമെന്ന് പബ്ലിക് ബീച്ച് ആന്‍ഡ് വാട്ടര്‍ കനാല്‍ വിഭാഗം ഡയറക്ടര്‍ എന്‍ജിനീയര്‍ ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു.
എല്ലാ പൊതുബീച്ചുകളിലും എല്ലാവര്ക്കും എത്തിച്ചേരാമെന്ന് ഉറപ്പാക്കുന്നതില്‍ മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് കണ്ടിന്യൂയിങ് എജുക്കേഷന്റെ സി.ഇ.ഒയും ബോര്‍ഡ് ചെയര്‍മാനുമായ മൈറോണ്‍ പിന്കോംബ് അഭിപ്രായപ്പെട്ടു.
അംഗീകൃത ഓട്ടിസം സെന്റർ എന്ന പദവി നേടുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബൈ മാറുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദർശകർക്കും താമസക്കാർക്കും ആക്സസിബിലിറ്റി ആപ് ഉപയോഗിച്ച് എമിറേറ്റിലെ ബീച്ചുകളിലെ താമസ സൗകര്യങ്ങൾ വിലയിരുത്താനുള്ള സൗകര്യമുണ്ട്. മികച്ച സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച ബീച്ചുകൾ തെരഞ്ഞെടുക്കാൻ ഇതു വഴി സാധിക്കും.