അജ്മാനിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ പദ്ധതി
എമിറേറ്റിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാന്‍ പദ്ധതിയുമായി വിനോദ സഞ്ചാര വികസനവകുപ്പ്. പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണം കൈകാര്യം ചെയ്യുന്നതിനായി പാരിസ്ഥിതിക പരിഹാരമേഖലയിൽ വിദഗ്ധരായ ‘റെനെ’ എന്ന കമ്പനിയുമായി പദ്ധതി തയാറാക്കിയതായി അജ്മാൻ ടൂറിസം വികസന വകുപ്പ് അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി എമിറേറ്റിലെ വിവിധ മേഖലകളില്‍ പ്ലാസ്റ്റിക് കണ്ടെയ്നർ കലക്ഷൻ ബോക്സുകൾ സ്ഥാപിക്കും.
എമിറേറ്റിനെ കൂടുതൽ സുസ്ഥിരവും പാരിസ്ഥിതിക ബോധവുമുള്ളതാക്കുന്നതിന് ഈ സംരംഭത്തിൽ സജീവമായി പങ്കെടുക്കാൻ ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖല ഉൾപ്പെടെ എല്ലാ പങ്കാളികളോടും അജ്മാൻ ടൂറിസം വികസന വകുപ്പ് ആഹ്വാനം ചെയ്തു. പദ്ധതി പ്രഖ്യാപന ചടങ്ങില്‍ അജ്മാൻ വിനോദ സഞ്ചാര വികസന വകുപ്പ് ഡയറക്ടർ ജനറൽ മഹമൂദ് ഖലീൽ അൽ ഹാഷിമി, ‘റെനെ’ കമ്പനിയുടെ ചീഫ് ഓപറേറ്റിങ് ഓഫിസർ ജോർദാൻ ജാക്കേഴ്സ് എന്നിവര്‍ പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യങ്ങളും അതിന്റെ പാരിസ്ഥിതിക ആഘാതവും ആഗോള വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പ് സംരംഭവുമായി മുന്നോട്ട് വന്നത്. പ്ലാസ്റ്റിക് കൈകാര്യം ചെയ്യുന്നതിൽ സുസ്ഥിര രീതികൾ സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്.