ദുബൈ മാളിൽ ജൂലൈ മുതൽ പാർക്കിങ് ഫീസ്
ദുബൈ മാളിലെ പെയ്ഡ് പാർക്കിങ്ങിന്റെ നിയന്ത്രണം ജൂലൈ ഒന്നു മുതൽ ടോൾ ഗേറ്റ് ഓപറേറ്ററായ ‘സാലിക്’ ഏറ്റെടുക്കും. മാളിലെ ഗ്രാൻഡ് പാർക്കിങ്, സിനിമ പാർക്കിങ്, ഫാഷൻ പാർക്കിങ് എന്നിവിടങ്ങളിലാണ് സാലിക്കിന്റെ പാർക്കിങ് സംവിധാനങ്ങൾ സ്ഥാപിക്കുക. പ്രവൃത്തി ദിനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പാർക്കിങ് സൗജന്യമാണ്. ശേഷം 20 മുതൽ 1000 ദിർഹം വരെ ഫീസ് ഈടാക്കും. വാരാന്ത്യങ്ങളിൽ ആദ്യ ആറ് മണിക്കൂർ പാർക്കിങ് സൗജന്യമായിരിക്കും. തുടർന്നുള്ള ഓരോ മണിക്കൂറിനും ചാർജ് ഈടാക്കും. അതേസമയം സഅബീൽ, ഫൗണ്ടേൻ വ്യൂസ് പാർക്കിങ് എന്നിവ പഴയതുപോലെ തുടരും.
കഴിഞ്ഞ ഡിസംബറിൽ ദുബൈ മാളിലെ പാർക്കിങ് സംവിധാനങ്ങൾ ഏറ്റെടുക്കുന്നതിന് ഉടമകളായ ഇമാർ പ്രോപ്പർട്ടീസുമായി ‘സാലിക്’ കരാറിലെത്തിയിരുന്നു. ഇതനുസരിച്ച് ഡ്രൈവർമാർക്ക് തടസ്സമില്ലാതെ പാർക്കിങ് നടത്താവുന്ന ഇലക്ട്രോണിക് സ്കാനിങ് സംവിധാനമാണ് ‘സാലിക്’ ദുബൈ മാളിൽ സ്ഥാപിക്കുന്നത്. 13,000 പാർക്കിങ് സ്ഥലങ്ങളാണ് ദുബൈ മാളിൽ നിലവിലുള്ളത്. ഇമാർ മാളിന് പിന്നാലെ എമിറേറ്റിലെ മറ്റ് ബിസിനസ് മാളുകളിലെ പാർക്കിങ് സംവിധാനങ്ങളും ഏറ്റെടുക്കാൻ സാലിക്കിന് പദ്ധതിയുണ്ട്.
സന്ദർശകർക്ക് തടസ്സമില്ലാതെ പാർക്കിങ് ഇടങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം വേഗത്തിലും എളുപ്പത്തിലും പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്താനും പുതിയ സംവിധാനം വഴി കഴിയുമെന്ന് ഇമാർ പ്രോപ്പർട്ടീസ് ഉടമ അഹമ്മദ് അൽ മത്രൂഷി പ്രസ്താവനയിൽ വ്യക്തമാക്കി. ഇതൊരു തുടക്കമാണെന്നും ഇമാർ പ്രോപ്പർട്ടീസ് ആദ്യ പങ്കാളികളാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ‘സാലിക്’ സി.ഇ.ഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു. പ്രത്യേക ഇലക്ട്രോണിക് സംവിധാനമാണ് പാർക്കിങ് നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നത്. പാർക്കിങ് ഗേറ്റുകളിൽ ഘടിപ്പിച്ചിട്ടുള്ള കാമറ വാഹനങ്ങൾ മാളിലേക്ക് പ്രവേശിക്കുമ്പോൾ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് പ്രവേശന സമയം രേഖപ്പെടുത്തും. തുടർന്ന് വാഹനം തിരികെ പോകുമ്പോൾ വീണ്ടും നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് പാർക്ക് ചെയ്ത സമയം കണക്കുകൂട്ടിയ ശേഷം പണമീടാക്കും. ഈ നടപടികൾ പൂർണമായും ടിക്കറ്റ് രഹിതമായിരിക്കും. ഇതിനായി ‘സാലിക്’ പ്രത്യേക ട്രാക്കിങ് ടാഗ് വാഹനങ്ങൾക്കായി വിതരണം ചെയ്യും.