ദുബൈയിൽ സമൂഹവിവാഹം സംഘടിപ്പിച്ചു
148 യുവദമ്പതികളെ ഒന്നിപ്പിച്ച് ദുബൈയിൽ പത്താമത് സമൂഹവിവാഹം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ), ദുബൈ കസ്റ്റംസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് വിവാഹം നടന്നത്. ഇരുവകുപ്പിലെയും ജീവനക്കാരാണ് വിവാഹിതരായത്. ദുബൈ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ചടങ്ങിൽ മുഖ്യാതിഥിയായി.
സന്തോഷകരവും സുസ്ഥിരവുമായ ദാമ്പത്യജീവിതം നയിക്കാൻ ദമ്പതികൾക്ക് കഴിയട്ടെയെന്ന് ശൈഖ് അഹ്മദ് ആശംസിച്ചു.ദുബൈയുടെ സാമൂഹിക അജണ്ടകളിൽ ഒന്നാണ് സന്തോഷകരമായ കുടുംബങ്ങൾ സൃഷ്ടിക്കുക എന്നത്. യുവതലമുറക്ക് വിവാഹത്തിനും കുടുംബജീവിതത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള സർക്കാറിന്റെ വിവിധ പദ്ധതികളെക്കുറിച്ചും ശൈഖ് അഹ്മദ് സംസാരിച്ചു.
സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും യുവജനങ്ങൾക്ക് വിവാഹത്തിനുള്ള സാമ്പത്തിക തടസ്സങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമൂഹവിവാഹം ഒരുക്കിയത്. ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബൈ കസ്റ്റംസിലെ ഉന്നതരും ചടങ്ങിൽ സംസാരിച്ചു.