ഓൺപാസീവ് , ഇക്വിറ്റി , മഷ്രിഖ് , മെട്രോ സ്റ്റേഷനുകൾ തുറന്നു
ഏപ്രിൽ മാസത്തെ മഴക്കെടുതിയെ തുടർന്ന് പ്രവർത്തനം നിലച്ച ഓൺപാസിവ്, ഇക്വിറ്റി, മശ്രിഖ് മെട്രോ സ്റ്റേഷനുകൾ ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ചു. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) ഇക്കാര്യമറിയിച്ചത്. എനർജി സ്റ്റേഷൻ അടുത്ത ആഴ്ച പ്രവർത്തന സജ്ജമാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 16ന് പെയ്ത ശക്തമായ മഴയെ തുടർന്നാണ് ദുബൈ മെട്രോയുടെ പ്രവർത്തനം അവതാളത്തിലായത്. എന്നാൽ, അതിവേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നാല് സ്റ്റേഷനുകൾ ഒഴികെയുള്ളവയുടെ പ്രവർത്തനം അധികൃതർ പുനരാരംഭിച്ചിരുന്നു. ഓൺപാസിവ്, ഇക്വിറ്റി, മഷ്രിഖ്, എനർജി സ്റ്റേഷനുകളുടെ പ്രവർത്തനം മാത്രമാണ് മുടങ്ങിയിരുന്നത്.
അറ്റകുറ്റപ്പണികൾക്ക് ശേഷം എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് സ്റ്റേഷനുകൾ തുറക്കുന്നത്. പൊതുജനങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ രീതിയിലും മികച്ചതുമായ സർവിസ് ഉറപ്പുവരുത്തുന്ന രീതിയിൽ സ്റ്റേഷനുകൾ സജ്ജമാണെന്നും അധികൃതർ വെളിപ്പെടുത്തി. നേരത്തെ മേയ് 28നകം സ്റ്റേഷനുകൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ആർ.ടി.എ വെളിപ്പെടുത്തിയിരുന്നു. ആർ.ടി.എയും മറ്റു സംവിധാനങ്ങളും അറ്റകുറ്റപ്പണികളും മറ്റും വേഗത്തിൽ പൂർത്തിയാക്കിയതോടെയാണ് മെട്രോ സേവനം അതിവേഗം പുനരാരംഭിക്കാൻ സാധിച്ചിട്ടുള്ളത്. മെട്രോയുടെ ഓപറേഷനും അറ്റകുറ്റപ്പണികളും നിർവഹിക്കുന്ന കിയോലിസ്- മിസ്തുബ്ഷി ഹെവി ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് സ്റ്റേഷനുകൾ തുറക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.
ഓരോ സ്റ്റേഷനുകളിലും പ്രത്യേകമായ പരിശോധനകൾ അധികൃതർ പൂർത്തീകരിച്ചിട്ടുണ്ട്. സ്റ്റേഷനുകളിൽ ട്രെയിൻ കടന്നുപോകുന്നതിന്റെ സമയക്രമവും മറ്റും ഉറപ്പുവരുത്താൻ യാത്രക്കാരില്ലാതെ ട്രയൽ റണ്ണുകളും നടത്തി. അതേസമയം, മെട്രോ സേവനം തടസ്സപ്പെട്ടപ്പോൾ പകരം സംവിധാനമായി ആരംഭിച്ച ബസ് സർവിസ് തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.