യുഎഇയില് പൊതുമാപ്പ് നീട്ടില്ല; മുന്നറിയിപ്പുമായി ഐ.സി.പി
വിസ നിയമലംഘകർക്ക് ഇളവ് നൽകുന്നതിനായി യു.എ.ഇ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പിന്റെ കാലാവധി നീട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ ഉടൻ രാജ്യം വിടണം. അല്ലാത്തവരെ പിടികൂടി നാടുകടത്തും. ഇവർക്ക് യു.എ.ഇയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നും ഫെഡറൽ അതോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി വ്യക്തമാക്കി. ഈ മാസം 31 വരെയാണ് യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. വിസ നിയമം ലംഘിച്ച് യു.എ.ഇയിൽ തുടരുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും, രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും ഈ കാലയളവിൽ അവസരമുണ്ടാകും. നാട്ടിലേക്ക് മടങ്ങാൻ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം സ്വന്തം നാട്ടിലേക്ക് പോകണം എന്നായിരുന്നു നേരത്തേ നിയമം.
പിന്നീട് ഒക്ടോബർ 31വരെ അതിന് സമയം നീട്ടി നൽകി. എക്സിറ്റ് പെർമിറ്റ് ലഭിച്ച ഏഴായിരത്തോളം പേരിൽ പലരും നാട്ടിലേക്ക് മടങ്ങാത്ത സാഹചര്യത്തിലാണ് അധികൃതർ കർശന നിർദേശം നൽകിയത്. പൊതുമാപ്പിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ നിയമ തടസ്സമുണ്ടാവില്ല. എന്നാൽ, പൊതുമാപ്പിന് ശേഷം പിടികൂടി നാടുകടത്തുന്നവർക്ക് രാജ്യത്തേക്ക് തിരുച്ചുവരാൻ കഴിയാത്ത വിധം പ്രവേശനവിലക്ക് ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. ഇവർക്ക് കോടതികൾ പോലും ഇളവ് നൽകില്ല. ഒക്ടോബർ 31ന് ശേഷം അനധികൃത താമസക്കാരെ കണ്ടെത്താൻ രാജ്യവ്യാപകമായി റസിഡൻഷ്യൽ മേഖലകൾ, കമ്പനികൾ, ഷോപ്പുകൾ, വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കുമെന്നും ഐ.സി.പി റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സുൽത്താൻ യൂസഫ് അൽ നുഐമി പറഞ്ഞു.
15-20 വർഷമായി അനധികൃതമായി താമസിക്കുന്നവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽ ചിലർ രേഖകൾ ശരിയാക്കുകയും മറ്റ് ചിലർ എക്സിറ്റ് പെർമിറ്റ് നേടി രാജ്യം വിടുകയോ നിശ്ചിത കാലാവധിക്ക് മുമ്പ് രേഖകൾ ശരിയാക്കാനുള്ള നടപടികളിലോ ആണെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പെർമിറ്റ് നേടിയവർക്ക് കുറഞ്ഞ ചെലവിൽ വിമാന ടിക്കറ്റ് ലഭ്യമാക്കുന്നതിനായി ദേശീയ എയർലൈനുകളുമായി അതോറിറ്റി സഹകരിക്കുന്നുണ്ട്. ചില സന്നദ്ധ സംഘടനകൾ സൗജന്യമായി ടിക്കറ്റുകൾ നൽകി അതോറിറ്റിയുമായി സഹകരിക്കുന്നുണ്ട്. ഗ്രേസ് പിരീഡ് അവസാനിക്കാൻ ഇനി 24 ദിവസങ്ങൾ മാത്രമാണ് ബാക്കി. നിയമ ലംഘകരുടെ സ്റ്റാറ്റസ് തിരുത്തൽ സേവനങ്ങൾ നൽകുന്നതിന് അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനാവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ടൈപ്പിങ് സെന്ററുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.