ഷാർജ എമിറേറ്റിൽ പുതിയ ടെക്നോളജി ഫ്രീ സോൺ ; ഉത്തരവ് പുറത്തിറക്കി ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി
ഷാർജ എമിറേറ്റിൽ പുതിയ ടെക്നോളജി ഫ്രീ സോൺ സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
കമ്യൂണിക്കേഷൻ ടെക്നോളജീസ് ഫ്രീ സോൺ (കോംടെക്) എന്നുപേരിട്ട സംരംഭം കൽബ സിറ്റിയിലാണ് സ്ഥാപിക്കുന്നത്. ഷാർജ കമ്യൂണിക്കേഷൻ ടെക്നോളജീസ് അതോറിറ്റിക്ക് കീഴിലാണ് ഫ്രീസോൺ പ്രവർത്തിക്കുക. ഇവിടെ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തൊഴിലാളികൾക്കും ബിസിനസ് പ്രവർത്തനങ്ങൾക്ക് എമിറേറ്റ് ചുമത്തുന്ന നികുതിയിൽ ഇളവ് നൽകും.
കൂടാതെ, ഉപഭോഗ തീരുവ ഒഴികെയുള്ള എല്ലാ പ്രാദേശിക നികുതികളിൽ നിന്നും ഫീസിൽ നിന്നും ഫ്രീ സോണിനെ ഒഴിവാക്കിയിട്ടുമുണ്ട്. ടെലികമ്യൂണിക്കേഷൻ, ഭാവി സാങ്കേതികവിദ്യകൾ, ആശയവിനിമയ സാങ്കേതികവിദ്യകൾ, എല്ലാത്തരം ഡേറ്റ സെന്ററുകൾ എന്നിവയെ ആകർഷിക്കുന്ന ഒരു ആഗോള ഹബ്ബായി ഷാർജയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ ഈ മാസം ആദ്യത്തിലാണ് ഷാർജ കമ്യൂണിക്കേഷൻ ടെക്നോളജീസ് അതോറിറ്റി സ്ഥാപിത മായത്.
ഫ്രീ സോണിനായി ഒരു ഡയറക്ടറെയും സംഘടന ഘടന അനുസരിച്ച് മതിയായ ജീവനക്കാരെയും വിദഗ്ധരെയും നിയമിക്കുകയും ചെയ്യും. സോണിന്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ഡയറക്ടർക്കുണ്ടാകും. സോണിന് സമഗ്രമായ ഒരു നയം രൂപവത്കരിക്കുകയും കൗൺസിലിന്റെ അംഗീകാരത്തിനായി രാഷ്ട്രപതിക്ക് സമർപ്പിക്കുകയും ചെയ്യുക, സോണിന്റെ പ്രോഗ്രാമുകളുടെയും പ്രോജക്ടുകളുടെയും നിർവഹണത്തിന് മേൽനോട്ടം വഹിക്കുക, സോണിലും അതിലെ ജീവനക്കാർക്കും വളർച്ച ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഡയറക്ടർക്കുണ്ടാകും.