ഷാർജ അൽ വാഹയിൽ പുതിയ മസ്ജിദ് തുറന്നു
സയ്യിദ ഖദീജ മോസ്ക് എന്നു പേരിട്ട് ഷാർജയിലെ അൽ റുവൈദാത്ത് പ്രദേശത്തെ അൽ വാഹയിൽ പുതിയ മസ്ജിദ് തുറന്നു. അൽ ദൈദ് റോഡിൽ സ്ഥിതി ചെയ്യുന്ന പള്ളി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഫാത്തിമിയ്യ വാസ്തുവിദ്യാ ശൈലിയിൽ ആധുനിക ഘടകങ്ങൾ സമന്വയിപ്പിച്ച് നിർമിച്ച പള്ളിയുടെ ആകെ വിസ്തീർണം 49,383 ചതുരശ്ര മീറ്ററാണ്.
പ്രധാന പ്രാർഥനാ ഹാളിൽ 1400 പുരുഷന്മാർക്കും പുറത്തെ പോർട്ടിക്കോയിൽ 1325 പേർക്കും സ്ത്രീകളുടെ പ്രാർഥന സ്ഥലത്ത് 140 സ്ത്രീകളെയും ഉൾക്കൊള്ളാൻ കഴിയും.
ലൈബ്രറി, വുദു ചെയ്യാനുള്ള സ്ഥലം, വാട്ടർ സ്റ്റേഷൻ, വിശ്രമമുറികൾ, 592 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം, ഇമാമിനും മുഅദ്ദിനും താമസിക്കാനുള്ള സൗകര്യം എന്നിവയും പള്ളിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
10 മീറ്റർ വ്യാസമുള്ള ഒരു മധ്യ താഴികക്കുടവും 4.5 മീറ്റർ വ്യാസമുള്ള രണ്ടു ചെറിയ താഴികക്കുടങ്ങളും 40 മീറ്റർ ഉയരമുള്ള രണ്ടു മിനാരങ്ങളും പള്ളിക്കുണ്ട്. പാരിസ്ഥിതിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർമിച്ച പള്ളിയിൽ ഊർജ-ജല സംരക്ഷണ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നുണ്ട്.
ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഭരണാധികാരിയുടെ ഓഫിസ് ഉപദേഷ്ടാവ് ശൈഖ് സാലിം ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജയിലെ ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖാസിമി, മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ വകുപ്പു മേധാവികൾ എന്നിവർ പള്ളിയിലെത്തിയ ഷാർജ ഭരണാധികാരിയെ സ്വീകരിച്ചു.
പള്ളിയോട് ചേർന്ന് നിർമിച്ച അൽ റുവൈദത്ത് സെമിത്തേരിയുടെ ഒരുക്കവും ഷാർജ ഭരണാധികാരി പരിശോധിച്ചു. 6,39,931 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സെമിത്തേരിയിൽ നടപ്പാതകൾ, പാർക്കിങ് ഏരിയകൾ, മറ്റു സേവനങ്ങൾ എന്നിവയുമുണ്ട്.