യുഎഇയിലെ പുതിയ മന്ത്രിമാർ ചുമതലയേറ്റു
പുതുതായി പ്രഖ്യാപിക്കപ്പെട്ട യു.എ.ഇ മന്ത്രിസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനും മുന്നിലാണ് സത്യപ്രതിജ്ഞ നടന്നത്.
ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം യു.എ.ഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായും വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഉപ പ്രധാനമന്ത്രിയുടെ കൂടി ചുമതലയിലുമാണ് നിയമിതരായിരിക്കുന്നത്. ഇവർക്കു പുറമെ, അഹമ്മദ് ബൽഹൂൽ അൽ ഫലാസി കായിക മന്ത്രിയായും സാറ അൽ അമീരി വിദ്യാഭ്യാസ മന്ത്രിയായും മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുർറഹ്മാൻ അൽ അവാർ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ വകുപ്പ് ആക്ടിങ് മന്ത്രിയായും ആലിയ അബ്ദുല്ല അൽ മസ്റൂയി സംരംഭകത്വ, ചെറുകിട, ഇടത്തരം വ്യവസായ വകുപ്പ് സഹ മന്ത്രിയായും ചുമതലയേറ്റു. അബൂദബി ഖസർ അൽ വതൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് പുതിയ മന്ത്രിമാർ ചുമതലയേറ്റത്.
തന്ത്രപ്രധാനമായ ദേശീയ പദ്ധതികൾക്ക് സംഭാവനകൾ നൽകാനും യു.എ.ഇയുടെ വികസനത്തെ ഗുണപരമായി സ്വാധീനിക്കാനും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും പുതുതായി നിയമിതരായ മന്ത്രിമാർ വിജയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആശംസിച്ചു. വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്നതാണ് സുസ്ഥിരവും വിജ്ഞാനാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കാനുള്ള ഏക മാർഗമെന്നും തീവ്രമായ ശ്രമങ്ങളിലൂടെയും നൂതന ആശയങ്ങളിലൂടെയും ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗ്യരായ പ്രതിഭകളെ നിയമിക്കുന്നതിനൊപ്പം തുടർച്ചയായ ശ്രമങ്ങളിലൂടെ സർക്കാറിന്റെ പ്രകടനത്തെ മികവിലേക്ക് ഉയർത്താൻ യു.എ.ഇ നേതൃത്വം ആഗ്രഹിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.