അനന്തരാവകാശ തർക്ക പരിഹാരത്തിന് ദുബൈയിൽ പുതിയ കോടതി

അനന്തരാവകാശ തർക്കങ്ങൾ പരിഹരിക്കാൻ ദുബൈയിൽ പുതിയ കോടതി പ്രവർത്തനമാരംഭിക്കുന്നു. അടുത്തമാസം തുടങ്ങുന്ന കോടതിയിൽ എല്ലാ രാജ്യക്കാർക്കും വിവിധ മതസ്ഥർക്കും പരാതി നൽകാം. കേസുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് ഇവിടെ.
പരാതികൾ ആദ്യം ഒരു പ്രിപ്പറേറ്ററി ജഡ്ജി പരിശോധിക്കും. രമ്യമായ ഒത്തുതീർപ്പിന് ജഡ്ജി ശ്രമിക്കും. പരാതികൾ പരാജയപ്പെട്ടാലാണ് കോടതി കേസ് പരിഗണനയ്ക്ക് എടുക്കുക.
അനന്തരാവകാശ തർക്ക കേസുകളിൽ വിധി വേഗത്തിലാക്കുകയാണ് പുതിയ കോടതിയുടെ ലക്ഷ്യം. ഇവിടെ കേസുകൾ ഒരു മാസത്തിനകം വിചാരണയ്‌ക്കെടുക്കണമെന്നും ഒരു വർഷത്തിനകം വിധി പറയണമെന്നും നിബന്ധനയുണ്ട്.
കോടതിയുടെ വിധിന്യായങ്ങൾ അന്തിമമായിരിക്കുമെന്നതിനാൽ അപ്പീൽ നൽകാനാവില്ല. അതേസമയം, പുനഃപരിശോധനാ ഹർജി നൽകാം. ദുബൈയിലെ മറ്റു കോടതികളുടെ പരിഗണനയിലുള്ള എല്ലാ പുതിയ അനന്തരാവകാശ കേസുകളും ഈ കോടതിയാണ് ഇനി വിചാരണയ്‌ക്കെടുക്കുക.