ദുബായ് ചേംബർ ഓഫ് കൊമേഴ്സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം
യു.എ.ഇ സ്വദേശികൾ കഴിഞ്ഞാൽ ദുബൈയിൽ ഏറ്റവും കൂടുതൽ പുതിയ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിച്ചത് ഇന്ത്യൻ നിക്ഷേപകർ. ദുബൈ ചേംബർ ഓഫ് കോമേഴ്സിന്റെ ഈ വർഷം ആദ്യ ആറുമാസത്തെ കണക്കിലാണിത് വ്യക്തമാക്കിയത്. ജനുവരി മുതൽ ജൂൺ വരെ കാലയളവിൽ 7,860 ഇന്ത്യൻ കമ്പനികളാണ് ദുബൈയിൽ രജിസ്റ്റർ ചെയ്തത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് പാകിസ്താനാണുള്ളത്. 3,968 കമ്പനികളാണ് പാകിസ്താൻ സ്വദേശികളുടേതായി രജിസ്റ്റർ ചെയ്തത്. ഈജിപ്ത് 2,355 പുതിയ കമ്പനികളുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളത്.
Indian businesses top list of new companies joining Dubai Chamber of Commerce in H1 2024 with 7,860 #WamNews https://t.co/hEXlaEnvDG pic.twitter.com/jMSqbdd6Tj
— WAM English (@WAMNEWS_ENG) August 14, 2024
സിറിയ-1358, ബ്രിട്ടൻ-1245, ബംഗ്ലാദേശ്-1119, ഇറാഖ്-799, ചൈന-742, സുഡാൻ-683, ജോർഡൻ-674 എന്നിങ്ങനെയാണ് മറ്റു രാജ്യക്കാരുടെ കമ്പനികളുടെ എണ്ണം. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിൽ ദുബൈക്കുള്ള ശക്തമായ കഴിവിനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇക്കാലയളവിൽ ചേംബറിൽ രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളിൽ കൂടുതൽ വ്യാപാര, റിപ്പയറിങ് സേവന മേഖലയിലുള്ളവരാണ് ഒന്നാം സ്ഥാനത്തെത്തിയത്. മൊത്തം കമ്പനികളുടെ 41.5 ശതമാനമാണ് ഇത്തരം കമ്പനികളുള്ളത്. റിയൽ എസ്റ്റേറ്റ്, വാടകക്ക് നൽകൽ, ബിസിനസ് സേവന മേഖലകൾ എന്നിവയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൊത്തം കമ്പനികളുടെ 33.6 ശതമാനമാണ് ഇത്തരം സ്ഥാപനങ്ങൾ പ്രതിനിധീകരിക്കുന്നത്.
നിർമാണ മേഖല 9.4 ശതമാനത്തോടെ മൂന്നാം സ്ഥാനത്തും ഗതാഗതം, സംഭരണം, വാർത്താവിനിമയ മേഖല 8.4 ശതമാനവുമായി നാലാം സ്ഥാനത്തുമാണ്. സാമൂഹിക, വ്യക്തിഗത സേവന മേഖല 6.6 ശതമാനമാണ്. അതേസമയം, നിർമാണ മേഖലയാണ് ആദ്യ അഞ്ചു മേഖലകളിൽ ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്തിയത്. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23.5 ശതമാനം വളർച്ചയാണ് മേഖല രേഖപ്പെടുത്തിയത്. ഗതാഗതം, സംഭരണം, വാർത്താവിനിമയ മേഖലകൾ 13.6 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചു. റിയൽ എസ്റ്റേറ്റ്, വാടകക്ക് നൽകൽ, ബിസിനസ് സേവനങ്ങൾ എന്നിവ വളർച്ചയിൽ മൂന്നാം സ്ഥാനത്താണ്. വർഷം തോറും 9.5 ശതമാനം വർധനവാണ് ഇവ കാണിക്കുന്നത്. കഴിഞ്ഞ വർഷം ദുബൈയിൽ 15,481 ഇന്ത്യൻ കമ്പനികൾ പ്രവർത്തനം തുടങ്ങിയതായി ദുബൈ ചേംബർ ഓഫ് കോമേഴ്സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. യു.എ.ഇ സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ആരംഭിച്ചത് കഴിഞ്ഞ വർഷവും ഇന്ത്യക്കാരാണ്. പാകിസ്താനി നിക്ഷേപകരാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് പിന്നിലുണ്ടായിരുന്നത്.