മഴയ്ക്ക് പിന്നാലെ യുഎഇയിൽ കൊതുക് ഭീഷണി; ചെറുക്കാൻ നടപടികളുമായി അധികൃതർ
കനത്ത മഴ പെയ്ത് മാനം തെളിഞ്ഞതോടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടികളുമായി അധികൃതർ. രോഗങ്ങൾ പരത്തുന്ന ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കൊതുക് ഭീഷണി ചെറുക്കാൻ പദ്ധതി സജീവമാക്കിയതായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ദേശീയ അടിയന്തര, ദുരന്തനിവാരണ വകുപ്പുമായും പ്രദേശിക വകുപ്പുകളുമായും സഹകരിച്ചാണ് കൊതുകു നശീകരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്ക് അധികൃതർ പ്രവേശിക്കുന്നത്. വ്യത്യസ്ത എമിറേറ്റുകളിലെ മുനിസിപ്പാലിറ്റി അധികൃതരും പദ്ധതിയിൽ പങ്കുചേരും. രാജ്യത്തുടനീളം കൊതുക് പെരുകുന്ന ഹോട്സ്പോട്ടുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലും ഏപ്രിലിലും പെയ്ത മഴയെ തുടർന്ന് വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ട്. റോഡുകളിലെയും മറ്റും വെള്ളക്കെട്ടുകൾ നീക്കം ചെയ്തെങ്കിലും പലയിടങ്ങളിലും ചെറിയ വെള്ളക്കെട്ടുകൾ അവശേഷിക്കുന്നുണ്ട്. രാജ്യത്തെ പ്രത്യേകമായ ഭൂപ്രകൃതിയിൽ ഇവ പെട്ടെന്ന് വറ്റിപ്പോകാത്ത സാഹചര്യവുമുണ്ട്. ടയറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ടെറസുകൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നുണ്ടാകും. ഇത്തരം സ്ഥലങ്ങളിൽ കൊതുക് പെരുകുന്ന സാഹചര്യം കൂടി ഒഴിവാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കൊതുകുകൾ സാന്നിധ്യമറിയിക്കുന്ന മേഖലകൾ അന്വേഷിക്കാനും പെരുകുന്ന ഉറവിടങ്ങൾ ഇല്ലാതാക്കാനുമാണ് മന്ത്രാലയം പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഏപ്രിൽ 16ന് പെയ്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിൽ നേരത്തെ തന്നെ കൊതുക് നശീകരണത്തിന് പദ്ധതികൾ അധികൃതർ നടപ്പാക്കിയിരുന്നു. വീണ്ടും മഴ പെയ്ത സാഹചര്യം കൂടി പരിഗണിച്ചാണ് പദ്ധതി സജീവമാക്കുന്നത്.
ഈ കാലയളവിൽ കൊതുക് നിയന്ത്രണ ശ്രമങ്ങളാണ് മന്ത്രാലയത്തിന്റെ പ്രധാന പ്രവർത്തനമെന്ന് മന്ത്രാലയത്തിലെ സുസ്ഥിര കമ്മ്യൂണിറ്റി വകുപ്പ് അസി. അണ്ടർസെക്രട്ടറി ആലിയ അബ്ദുൽ റഹീം അൽ ഹർമൂദി പറഞ്ഞു. ലഭ്യമായ ആശയവിനിമയ മാർഗങ്ങളിലൂടെ കൊതുകുകളുടെ വ്യാപനം കുറക്കാനും എല്ലാ വിവരങ്ങളും മാർഗനിർദേശങ്ങളും നൽകാൻ മന്ത്രാലയം വരും ദിവസങ്ങളിൽ പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മലേറിയ, ഡെങ്കിപ്പനി, ചികുൻ ഗുനിയ എന്നിങ്ങനെ വിവിധ രോഗങ്ങൾ കൊതുക് വഴി പകരുന്നതാണ്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ, കൊതുകുജന്യ രോഗങ്ങൾ വലിയ രീതിയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.