ഉച്ചവിശ്രമ നിയമം ; തൊഴിലിടങ്ങളിൽ പരിശോധന കർശനമാക്കി അബുദാബി മുനിസിപ്പാലിറ്റി
പുറം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് കടുത്ത വേനലിൽ സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർമാണ മേഖലകളിൽ പരിശോധന കർശനമാക്കി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. പരിസ്ഥിതി, ആരോഗ്യസുരക്ഷ ഡിപ്പാർട്മെന്റുകൾ ചേർന്നാണ് പരിശോധന നടത്തിയത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15വരെ മൂന്നു മാസത്തേക്കാണ് മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം രാജ്യത്ത് ഉച്ച വിശ്രമം നിയമം പ്രഖ്യാപിച്ചത്.
ഈ കാലയളവിൽ പുറം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12 മുതൽ മൂന്നു മണിവരെ വിശ്രമം അനുവദിക്കണമെന്നാണ് നിയമം. നിയമലംഘകർക്ക് അരലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഉച്ച സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനാവശ്യമായ സൗകര്യങ്ങൾ തൊഴിലുടമ ഒരുക്കണം.
വെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അടിയന്തര വിഭാഗത്തിലുള്ള ജോലികൾക്ക് നിയമത്തിൽ ഇളവുണ്ട്. എന്നാൽ, ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർക്ക് കുടകൾ, കുടിവെള്ളം, ഭക്ഷണം എന്നിവ നൽകണമെന്നും പ്രഥമ ശുശ്രൂഷ കിറ്റുകൾ കൈവശം വെക്കണമെന്നും തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ നിർമാണക്കമ്പനികളും നിയമം പാലിക്കണമെന്ന് അബൂദബി മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.
തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തിയാണ് സമഗ്രമായ നിയമം നടപ്പാക്കുന്നത്. തുടർച്ചയായി 20ആം വർഷമാണ് ഉച്ചവിശ്രമ നിയമം യു.എ.ഇയിൽ നടപ്പാക്കുന്നത്. ഉച്ചവിശ്രമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കാൾ സെന്റർ (600590000), സ്മാർട്ട് ആപ്, വെബ്സൈറ്റ് എന്നിവ മുഖേന അറിയിക്കാം.