യുഎഇ ആസ്ഥാന സ്വകാര്യ ആഡംബര വിമാന കമ്പനി 'ബിയോണ്ട്' അടുത്തമാസം മുതൽ സർവീസ് ആരംഭിക്കും
യു.എ.ഇ ആസ്ഥാനമായ സ്വകാര്യ ആഡംബര വിമാന കമ്പനി 'ബിയോണ്ട്' അടുത്തമാസം മുതൽ സർവീസ് ആരംഭിക്കും. ബിസിനസ് ക്ലാസ് മാത്രമുള്ള ഈ വിമാനത്തിൽ 44 പേർക്കാണ് യാത്രചെയ്യാനാവുക. ലോകത്തെ ആദ്യ പ്രീമിയം ലിഷർ വിമാനകമ്പനിയെന്നാണ് ബിയോണ്ട് അവകാശപ്പെടുന്നത്. ദുബൈ ആസ്ഥാനമായ കമ്പനിയുടെ ആദ്യ പ്രവർത്തനകേന്ദ്രം മാലിദ്വീപാണ്.
കമ്പനിയുടെ എയർബസ് 319 വിമാനത്തിലെ സൗകര്യങ്ങൾ കഴിഞ്ഞ ദിവസം ദുബൈ മക്തൂം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ചു. പൂർണമായും ബിസിനസ് ക്ലാസ് സൗകര്യത്തിൽ 44 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് ഇപ്പോൾ അവതരിപ്പിച്ചത്.
അടുത്തമാസം മാലിദ്വീപിൽനിന്ന് മ്യൂണിക്ക്, സൂറിച്ച്, റിയാദ് എന്നിവിടങ്ങളിലേക്കാണ് വിമാനം ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ആറായിരം ദിർഹത്തോളമാണ് ടിക്കറ്റ് നിരക്ക്. പിന്നീട് ദുബൈയിൽനിന്നും മിലനിൽനിന്നും സർവീസ് ആരംഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ 32 വിമാനങ്ങൾ സ്വന്തമാക്കി 60 നഗരങ്ങളിലേക്ക് സർവീസ് നടത്താനാണ് കമ്പനിയുടെ പദ്ധതി.