അന്താരാഷ്ട്ര സന്തോഷദിനത്തിൽ ഹാപ്പിനെസ് റിവാർഡിന് തുടക്കം കുറിച്ച് ലുലു
ലുലു ഗ്രൂപ്പ് 'ഹാപ്പിനസ് റിവാർഡ്‌സ്' പദ്ധതിക്ക് തുടക്കമായി. ലോക സന്തോഷ ദിനത്തിൽ അബുദാബി മുഷ്‌റിഫ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യുസഫലിയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് കാർഡ് പുറത്തിറക്കി.
ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉള്ള കിയോസ്‌കിൽ പേരും ഫോൺ നമ്പറും ഇമെയിൽ വിലാസവും നൽകിയോ ലുലു മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്‌തോ ഹാപ്പിനസ് റിവാർഡ്‌സിൽ അംഗമാകാം. ലുലു ശാഖകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്ന ഹാപ്പിനസ് കാർഡ് ഉടമകൾക്ക് പ്രത്യേക നിരക്കിളവ് ലഭിക്കും. ഒപ്പം അക്കൗണ്ടിൽ രേഖപ്പെടുത്തുന്ന പോയിന്റ്‌സ് ശേഖരിച്ച് സാധനങ്ങൾ വാങ്ങാനും സൗകര്യം. യുഎഇയിൽ ആരംഭിച്ച ഹാപ്പിനസ് റിവാർഡ്‌സ് പദ്ധതി വൈകാതെ ജിസിസി രാജ്യങ്ങളിലെ 248 ശാഖകളിലേക്കും വ്യാപ്പിക്കും. ഉപയോക്താവിന്റെ ദൈനംദിന ഷോപ്പിങ്ങിൽ കൂടുതൽ സന്തോഷം നൽകുന്നതിനുള്ള ഞങ്ങളുടെ മറ്റൊരു സംരംഭമാണിത്. ലോകം മുഴുവൻ സന്തോഷ ദിനം ആഘോഷിക്കുകയും വിശുദ്ധ റമദാൻ മാസം ആഗതമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ റിവാർഡ്‌സ് പദ്ധതി അവതരിപ്പിക്കുന്നതിൽ സന്തോഷവാനാണെന്നും യൂസഫലി പറഞ്ഞു. റജിസ്റ്റർ ചെയ്തവർക്ക് ക്യാഷ് കൗണ്ടറിൽനിന്ന് റിവാർഡ്‌സ് പോയിന്റ് നേടാം.
തത്സമയ പ്രത്യേക കിഴിവ്, റിവാർഡ്‌സ് പോയിന്റുകൾ, എക്‌സ്‌ക്ലൂസീവ് അംഗത്തിനുള്ള പ്രത്യേക നിരക്ക്, മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള പ്രത്യേക ഓഫറുകൾ എന്നിവയാണ് റിവാർഡ്‌സിന്റെ പ്രത്യേകതയെന്ന് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ പറഞ്ഞു. ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, സിഒഒ വി.ഐ സലീം, റീട്ടെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽമജീദ്, സിഐഒ മുഹമ്മദ് അനീഷ്, സിഎഫ്ഒ ഇ.പി നമ്പൂതിരി, ഓഡിറ്റ് ഡയറക്ടർ കെ.കെ പ്രസാദ്, റീട്ടെയിൽ ഓഡിറ്റ് ഡയറക്ടർ സന്തോഷ് പിള്ള എന്നിവർ പങ്കെടുത്തു.