2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള കാലയളവിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബിയിലെത്തി
2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള വേനൽക്കാല ദിനങ്ങളിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി. അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച കണക്കുകൾ അറിയിച്ചത്. 2017-ൽ ലൂവർ അബുദാബി പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്ത ശേഷം വേനൽമാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സന്ദർശകരുടെ എണ്ണമാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക കേന്ദ്രം എന്ന നിലയിൽ ലൂവർ അബുദാബിയുടെ സ്ഥാനം രേഖപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.
.@LouvreAbuDhabi welcomed more than 200,000 visitors between the months of June and August 2023, reporting a record peak in summer visitation since the museum's opening in 2017, reaffirming its position as an internationally renowned cultural institution. pic.twitter.com/MZ1bM39Rme
— مكتب أبوظبي الإعلامي (@ADMediaOffice) October 6, 2023
മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള കലാരചനകൾ, പ്രത്യേക എക്‌സിബിഷനുകൾ എന്നിവ കാണുന്നതിനും, മ്യൂസിയത്തിന്റെ അതിഗംഭീരമായ രൂപഭംഗി ആസ്വദിക്കുന്നതിനും എത്തുന്ന വ്യക്തികളുടെയും, കുടുംബങ്ങളുടെയും എണ്ണം മുൻ വർഷങ്ങളേക്കാൾ ഉയർന്നിട്ടുണ്ട്. ലൂവർ അബുദാബി ചിൽഡ്രൻസ് മ്യൂസിയത്തിൽ നടക്കുന്ന 'പിക്ച്ചറിങ്ങ് ദി കോസ്‌മോസ്' പ്രദർശനം, 2023 സെപ്തംബർ മാസത്തിൽ ആരംഭിച്ചിട്ടുള്ള ലെറ്റേഴ്‌സ് ഓഫ് ലൈറ്റ് പ്രദർശനം തുടങ്ങിയവയും ഏറെ സന്ദർശകരെ മ്യൂസിയത്തിലേക്ക് ആകർഷിക്കുന്നു. സ്വിസ്സ് വാച്ച് നിർമ്മാതാക്കളായ റിച്ചാർഡ് മിലുമായി സഹകരിച്ച് കൊണ്ട് ലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ആർട്ട് ഹിയർ 2023 പ്രദർശനം നവംബർ 21 മുതൽ ആരംഭിക്കുന്നതാണ്. ഇതിന് പുറമെ 'കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ' എന്ന പ്രദർശനവും 2023 നവംബർ 15 മുതൽ മ്യൂസിയത്തിൽ ആരംഭിക്കുന്നുണ്ട്.