ദുബൈയിൽ പ്രളയ നിയന്ത്രണ കേന്ദ്രം ആരംഭിച്ചു; വെള്ളം കെട്ടിനിൽക്കുന്ന തെരുവുകളും റോഡുകളും നിരീക്ഷിക്കും
കനത്ത മഴയിൽ വെള്ളം കെട്ടിനിൽക്കുന്ന തെരുവുകളും റോഡുകളും നിരീക്ഷിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാനുമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സംയുക്ത പ്രളയ നിയന്ത്രണ കേന്ദ്രം ആരംഭിച്ചു. നൂറു കണക്കിന് നിരീക്ഷണ ക്യാമറകൾ, ഹീറ്റ് മാപ്പുകൾ, കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകളെ സമന്വയിപ്പിച്ചാണ് പുതിയ കേന്ദ്രത്തിൻറെ പ്രവർത്തനം. പ്രളയത്തെ തുടർന്നുള്ള ഗതാഗത തടസങ്ങൾ നേരിടുന്നതിനുള്ള അടിയന്തര പദ്ധതികൾ, രക്ഷാ പ്രവർത്തകരെ നിയോഗിക്കൽ, ആവശ്യമായ വിഭവങ്ങൾ അനുവദിക്കൽ തുടങ്ങിയവ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയാണ് പുതിയ കേന്ദ്രത്തിൻറെ ചുമതല. വെള്ളക്കെട്ട് മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിലുള്ള പ്രതികരണ സമയം ഗണ്യമായി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
മെച്ചപ്പെട്ട കാലാവസ്ഥ പ്രവചന വിവരങ്ങൾ ശേഖരിച്ച് ലഭ്യമാക്കുന്നതിന് ആർ.ടി.എ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവുമായി സഹകരിച്ച് പ്രവർത്തിക്കും. ഇതുവഴി രക്ഷാ പ്രവർത്തകരെ ഒരുക്കുന്നതിനും പൊതു ജനങ്ങൾക്ക് അതിവേഗത്തിൽ മുന്നറിയിപ്പു നൽകുന്നതിനും സാധിക്കും. കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള സമഗ്ര പ്രതികരണ പദ്ധതികൾ ഒരുക്കുന്നതിന് വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക ടീമിനെയും രൂപീകരിച്ചിട്ടുണ്ട്.
വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ തിരിച്ചറിയുന്നതിന് സഹായിക്കുന്ന സംവിധാനമാണ് ഹീറ്റ് മാപ്പുകൾ. കൂടാതെ റോഡുകളിലെ വലിയ സ്‌ക്രീനുകൾ വഴി വെള്ളക്കെട്ടിൽ ഗതാഗത തടസം നേരിടുന്ന റോഡുകളെ കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പു നൽകും. 450 ക്യാമറകളിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ച് ലൈവായി സംപ്രേഷണം ചെയ്യാൻ ഈ സ്‌ക്രീനുകൾ സഹയാകമാണ്. വെള്ളം കെട്ടിനിൽക്കുന്ന 91 ശതമാനം പ്രദേശങ്ങളും റോഡുകളും തിരിച്ചറിയാൻ ഈ ക്യാമറകൾക്ക് കഴിയും. ദുരന്ത നിവാരണ സ്ഥലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ നിരീക്ഷിച്ച് യഥാസമയം വിവരങ്ങൾ ആർ.ടി.എക്ക് കൈമാറാനുള്ള സംവിധാനമായ സിറ്റഡൽ കമ്യൂണിക്കേഷൻ പ്ലാറ്റ്‌ഫോമും പുതിയ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.