ജൈടെക്സ് 2024 ; ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത് നൂറിലധികം കമ്പനികൾ
ജൈടെക്സിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നെത്തിയത് 100ലധികം കമ്പനികൾ. കാലാവസ്ഥ വ്യതിയാനം, ആരോഗ്യ സുരക്ഷ എന്നീ മേഖലകളിലെ വെല്ലുവിളികൾ നേരിടാനുള്ള പുത്തൻ സാങ്കേതിക വിദ്യകളാണ് 12 പവലിയനുകളിലായി ഇന്ത്യൻ സംഘം അവതരിപ്പിക്കുന്നത്. ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ പ്രമോഷൻ കൗൺസിലിന്റെ (ഇ.എസ്.സി) കീഴിലാണ് ഇന്ത്യയിൽ നിന്നുള്ള സ്റ്റാർട്ടപ് കമ്പനികൾ മേളയുടെ ഭാഗമാവുന്നത്.
നിർമിതബുദ്ധി, സൈബർ സുരക്ഷ, ഗതാഗതം, സുസ്ഥിര സാങ്കേതിക വിദ്യകൾ, ഫൈൻടെക്, ബാങ്കിങ് സൊലൂഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട പരിഹാരങ്ങളും ഉപകരണങ്ങളും ഉൾപ്പെടുന്നതാണ് പ്രദർശനം. സാങ്കേതിക വിദ്യാ രംഗത്തെ ഇന്ത്യയുടെ കഴിവുകളിൽ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ പ്രദർശനമെന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ഇ.എസ്.സി) ചെയർമാൻ വീർ സാഗർ പറഞ്ഞു.
യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പവലിയൻ ഉദ്ഘാടനം ചെയ്തു. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉൾപ്പെടെ പ്രമുഖർ പവലിയൻ സന്ദർശിച്ചു. 3600 സ്റ്റാർട്ടപ് കമ്പനികളാണ് ഇന്ത്യയിലുള്ളത്. കഴിഞ്ഞ വർഷം 480 എണ്ണം കൂടി ആരംഭിച്ചതായും വീർ സാഗർ പറഞ്ഞു.