‘ജയ്വാൻ ഡെബിറ്റ് കാർഡ് ഏപ്രിലിൽ പുറത്തിറക്കും
ഏപ്രിൽ മാസത്തോടെ യു.എ.ഇയിൽ ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ലഭ്യമായിത്തുടങ്ങുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താൽപര്യമുള്ള ചില ബാങ്കുകളുമായി ചേർന്ന് ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ഉടൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് തീരുമാനമെന്ന് അൽ ഇത്തിഹാദ് പേമെന്റ് (എ.ഇ.പി) സി.ഇ.ഒ ആൻഡ്ര്യു മെക്കോർമാക് പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ‘ജയ്വാൻ’ കാർഡുകൾ യു.എ.ഇ സെൻട്രൽ ബാങ്ക് നിർബന്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയിലെ സാമ്പത്തിക വിപണിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രവർത്തന മേൽനോട്ടം വഹിക്കുന്നതിനുമായി 2023ൽ യു.എ.ഇ സെൻട്രൽ ബാങ്ക് സ്ഥാപിച്ച അനുബന്ധ സ്ഥാപനമാണ് അൽ ഇത്തിഹാദ് പേമെന്റ്സ്.
പ്രാദേശിക കറൻസികളിൽ പണമിടപാട് നടത്താൻ ലക്ഷ്യമിട്ട് ഇന്ത്യയും യു.എ.ഇയും ചേർന്ന് അടുത്തിടെ അവതരിപ്പിച്ച യു.പി.ഐ പേമെന്റ് ഗേറ്റ്വെ സംവിധാനമാണ് ‘ജയ്വാൻ’. യു.എ.ഇയിലെ ആദ്യ പ്രാദേശിക കാർഡ് പദ്ധതിയാണിത്. ഇത് സാധ്യമാക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ഒക്ടോബറിൽ എ.ഇ.പിയും ഇന്ത്യയുടെ എൻ.പി.സി.ഐ ഇന്റർനാഷനൽ പേമെന്റ് ലിമിറ്റഡും ധാരണയിലെത്തിയിരുന്നു.
പിന്നാലെ യു.എ.ഇ സന്ദർശനം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ചേർന്ന് ‘ജയ്വാൻ’ കാർഡ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ടുള്ളവരോ എക്സ്ചേഞ്ച് സ്ഥാപനങ്ങളുമായി ബാങ്കിങ് ഇടപാട് നടത്തുന്നവരോ ആയ യു.എ.ഇയിലെ എല്ലാ താമസക്കാർക്കും പുതിയ പദ്ധതിയുടെ ഭാഗമായി ‘ജയ്വാൻ’ കാർഡുകൾ ലഭ്യമാക്കും. ഇന്ത്യയിലെ ബാങ്കുകളുമായി ബന്ധിപ്പിക്കുന്ന നടപടി പൂർത്തിയാൽ ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ഇന്ത്യയിലും ഉപയോഗിക്കാം. പ്രാദേശിക കറൻസികളിൽ ഇടപാട് നടത്തുന്നത് വഴി പണത്തിന്റെ യഥാർഥ മൂല്യം ഉപഭോക്താക്കൾക്ക് ലഭിക്കും.