ഗാസയിലെ സ്കൂളുകൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം; അപലപിച്ച് യുഎഇ
ഗാസയിലെ രണ്ടു സ്കൂളുകൾക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് യു.എ.ഇ. യു.എൻ റിലീഫ് ആൻഡ് വർക് ഏജൻസിയുടെ കീഴിലെ അൽ ഫഖൂറ സ്കൂൾ, താൽ അൽസാതർ സ്കൂൾ എന്നിവക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണമുണ്ടായത്. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുണ്ടാകുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ അപലപനീയമാണെന്ന് യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. കൂട്ടായ്മകളെയും സിവിലിയൻ സംവിധാനങ്ങളെയും ലക്ഷ്യംവെക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കി.
സിവിലിയന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിനും ജീവകാരുണ്യ കൂട്ടായ്മകൾക്കും സിവിലിയൻ സൗകര്യങ്ങൾക്കും പൂർണ സംരക്ഷണം നൽകുന്നതിനും ദുരിതാശ്വാസവും വൈദ്യസഹായവും തടസ്സരഹിതമായി എത്തിക്കാനും അടിയന്തര മുൻഗണന നൽകണം -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സിവിലിയന്മാരും സിവിലിയൻ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്നും സംഘർഷ സമയത്ത് അവ ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്നുമുള്ള യു.എ.ഇയുടെ നിലപാടും പ്രസ്താവനയിൽ മന്ത്രാലയം ആവർത്തിച്ചു.
അധിനിവിഷ്ട പലസ്തീൻ പ്രദേശത്ത് സംഘർഷം കൂടുതൽ ശക്തമാകുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാനും സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ടുകൊണ്ടുപോകാനും യു.എ.ഇ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനംചെയ്തു.