അബൂദബിയിലെ വർക്ക്ഷോപ്പുകളിൽ വ്യാപക പരിശോധന
അബൂദബിയിലെ കാർ വർക്ക്ഷോപ്പുകളിൽ വ്യാപക പരിശോധന നടത്തി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. മുസഫ ഇൻഡസ്ട്രിയൽ ഏരിയകൾ കേന്ദ്രീകരിച്ചായിരുന്നു കാമ്പയിൻ. ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. വർക്ക്ഷോപ്പുകളുടെ എല്ലാ പ്രവർത്തനങ്ങളും സേവനങ്ങളും നിശ്ചയിച്ച പരിധിയിൽ നിന്നുകൊണ്ട് മാത്രം നടത്തണമെന്നും നടപ്പാതകൾ, തുറസ്സായ സ്ഥലങ്ങൾ തുടങ്ങിയ ബാഹ്യ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കരുതെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി.
പരിസ്ഥിതി മലിനീകരണം പരിശോധിക്കുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനും നഗരത്തിന്റെ സൗന്ദര്യവും പരിഷ്കൃതമായ രൂപവും നിലനിർത്തുന്നതിനും ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. വർക്ക്ഷോപ്പുകളുടെ ഫ്ലോറിങ്ങുകളുടെ ഗുണനിലവാരം, ചലിക്കുന്ന വാഹന റാമ്പുകൾ സ്ഥാപിക്കൽ, ദ്രവ മാലിന്യങ്ങൾ നീക്കംചെയ്യൽ, ആവശ്യമായ സുരക്ഷ ഉപകരണങ്ങളുടെ ലഭ്യത, തൊഴിലാളികളുടെ പരിശീലനം എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷ ആവശ്യകതകൾ പരിശോധകർ വിലയിരുത്തി. ഗ്യാസ് സിലിണ്ടറുകൾ സുരക്ഷിത സ്ഥലങ്ങളിൽ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്യോഗസ്ഥർ ജീവനക്കാരെ ബോധ്യപ്പെടുത്തി. കൂടാതെ വർക്ക്ഷോപ്പുകളിൽ ഉപയോഗിക്കുന്ന സുരക്ഷ ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗത്തെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു നൽകി.
മാനദണ്ഡങ്ങൾ പാലിക്കാതെ തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുകയും ശക്തമായ പിഴ ഈടാക്കുകയും ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു പരിശോധന മുനിസിപ്പാലിറ്റി നടത്തിവരുന്നത്.