അന്താരാഷ്ട്ര ഉപഭോക്തൃ അനുഭവ നിലവാരം; ദുബൈ മെട്രോയ്ക്കും ട്രാമിനും നേട്ടം
ദുബൈ മെട്രോയും ദുബൈ ട്രാമും 2024ൽ അന്താരാഷ്ട്ര ഉപയോക്തൃ അനുഭവ നിലവാരം (ഐ.സി.എക്സ്.എസ്) 96 ശതമാനം കൈവരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
2022ൽ 87.2 ശതമാനം, 2023ൽ 92.2 ശതമാനം എന്നിങ്ങനെയായിരുന്നു ഇരു ഗതാഗത സംവിധാനങ്ങളുടെയും മുൻ നിലവാര സൂചികയെന്നും ഇതിൽനിന്നുള്ള ക്രമാനുഗത വർധനയാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്നും, റെയിൽ ഏജൻസി സി.ഇ.ഒ അബ്ദുൽ മുഹ്സിൻ കൽബത് പറഞ്ഞു.
ആർ.ടി.എയും ദുബൈ മെട്രോയുടെ ഓപറേറ്ററായ കിയോലിസ്-എം.എച്ച്.ഐയും ഉപയോക്തൃ സംതൃപ്തിക്കും പ്രവർത്തന മികവിനും മുൻഗണന നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.സി.എക്സ്.എസ്, സേവന നിലവാരം, സാങ്കേതിക സംയോജനം, തത്സമയ ആശയ വിനിമയം തുടങ്ങിയ പ്രധാന ഘടകങ്ങളെ വിലയിരുത്തിയാണ് മികവ് നിർണയിച്ചത്.
തടസ്സ രഹിതവും നൂതനവുമായ പൊതുഗതാഗത അനുഭവങ്ങൾ നൽകാനുള്ള ദുബൈയുടെ പ്രതിബദ്ധതയാണ് ഇത്തരം മാനദണ്ഡങ്ങളിലൂടെ പ്രതിഫലിക്കുന്നത്. ഉപയോക്തൃ സന്തോഷം വർധിപ്പിക്കുന്ന കാര്യക്ഷമവും പുരോഗമനാത്മകവുമായ ഗതാഗത പരിഹാരങ്ങൾ നൽകാനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്നും കൽബത് അവകാശപ്പെട്ടു.
എല്ലാ യാത്രക്കാർക്കും സുഗമവും ആസ്വാദ്യകരവുമായ യാത്രകൾ ഉറപ്പാക്കുന്നതിൽ ടീം പുലർത്തുന്ന ശ്രദ്ധയാണ് വിജയത്തിന് കാരണമായതെന്ന് കിയോലിസ് -എം.എച്ച്.ഐ മാനേജിങ് ഡയറക്ടർ ഡേവിഡ് ഫ്രാങ്ക്സ് അഭിപ്രായപ്പെട്ടു. ഈ അംഗീകാരം കാര്യക്ഷമവും ഉപയോക്തൃ കേന്ദ്രീകൃതവുമായ പൊതുഗതാഗത സംവിധാനങ്ങളിലെ ആഗോള മുൻനിര നഗരം എന്ന ദുബൈയുടെ പദവിയെ ആവർത്തിച്ചുറപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.