ദുബൈയിലെ പാർക്കുകളിലേക്ക് സന്ദർശകരുടെ ഒഴുക്ക് ; ആറ് മാസത്തിനിടെ എത്തിയത് 1.63 കോടി സന്ദർശകർ
ഈ വർഷം ആദ്യ ആറുമാസക്കാലയളവിൽ ദുബൈ എമിറേറ്റിലെ വിവിധ വിനോദസഞ്ചാര, വിശ്രമ കേന്ദ്രങ്ങളായ പാർക്കുകളിലെത്തിയത് 1.63 കോടി സന്ദർശകർ. പ്രധാനപ്പെട്ട പാർക്കുകൾ, റസിഡൻഷ്യൽ പാർക്കുകൾ, കളിസ്ഥലങ്ങൾ, വിനോദ സൗകര്യങ്ങൾ എന്നിവയിലാണ് വലിയ തോതിൽ സന്ദർശകരെത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എത്തിയവരേക്കാൾ 13ലക്ഷം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നഗരത്തിലെ പ്രധാന പാർക്കുകളായ അൽ മംസാർ പാർക്ക്, മുഷ്രിഫ് പാർക്ക്, ഗ്രീക് പാർക്ക്, സഅബീൽ പാർക്ക്, അൽ സഫ പാർക്ക് എന്നിവിടങ്ങളിൽ മാത്രമായി 31ലക്ഷത്തിലേറെ സന്ദർശകരെത്തി. അൽ മംസാർ പാർക്കിലാണ് ഏറ്റവും കൂടുതൽ സന്ദർകരെത്തിയത്.
ഖുർആൻ പാർക്കിൽ 10ലക്ഷത്തിലേറെ പേരെത്തിയിട്ടുണ്ട്. ദുബൈ ഫ്രെയിം സന്ദർശിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തിലേറെ വരും. ദുബൈ മുനിസിപ്പാലിറ്റിയുടെ പാർക്കുകളിലെ ബൈസിക്ക്ൾ, മൗണ്ടേയ്ൻ, പെഡസ്ട്രിയൻ പാതകൾ ഉപയോഗിച്ചവരുടെ എണ്ണം 6.2ലക്ഷം കടന്നു.
സ്റ്റേഡിയങ്ങൾ 89,385 ആളുകൾ സന്ദർശിച്ചപ്പോൾ 53,578 സന്ദർശകർ ചിൽഡ്രൻസ് സിറ്റിയിലെത്തി. ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും സമൂഹത്തിലെ മറ്റംഗങ്ങൾക്കും പാർക്കുകൾ കൂടുതൽ ആകർഷകമാകുന്നതാണ് കണക്കുകൾ വെളിപ്പെടുത്തുന്നതെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. ഏറ്റവും മികച്ച സേവനങ്ങളാണ് പാർക്കുകളിൽ നൽകിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർക്കുകളിലേക്ക് കൂടുതലായി സന്ദർശകരെ ആകർഷിക്കാൻ മുനിസിപ്പാലിറ്റി വിവിധ സൗകര്യങ്ങൾ കൂടുതലായി വികസിപ്പിച്ചുവരുന്നുണ്ട്. പാർക്കിങ് സ്ഥലങ്ങൾ, സൗജന്യ ഇരിപ്പിടങ്ങൾ, കളിസ്ഥലങ്ങൾ, ഹൈക്കിങ് സൗകര്യം, ബാർബിക്യു സ്ഥലങ്ങൾ, നടത്തത്തിനും ഓട്ടത്തിനുമുള്ള സൗകര്യം, കായിക സംവിധാനങ്ങൾ എന്നിവ ഇതിലുൾപ്പെടും.