ദുബൈയിൽ കമ്പനി തുടങ്ങുന്നതിൽ ഇന്ത്യക്കാർ മുന്നിൽ
ചൈനയെയും യൂറോപ്യൻ രാജ്യങ്ങളെയും പിന്തള്ളി ദുബൈയിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നവരിൽ ഇന്ത്യക്കാർ മുന്നിൽ. ഈ വർഷം ആദ്യ പകുതിയിൽ ഇന്ത്യക്കാർ ദുബൈയിൽ ആരംഭിച്ചത് 6717 സ്ഥാപനങ്ങൾ. ദുബൈ ചേംബർ ഓഫ് കോമേഴ്സാണ് പുതിയ സ്ഥാപനങ്ങളുടെ കണക്കുകൾ പുറത്തുവിട്ടത്. 2022ലെ ആദ്യ പകുതിയിൽ ദുബൈയിൽ രജിസ്റ്റർ ചെയ്തത് 4845 കമ്പനികളായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം 39 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പുതുതായി 6717 കമ്പനികൾ കൂടി വന്നതോടെ ദുബൈ ചേംബറിൽ അംഗങ്ങളായ ഇന്ത്യൻ സ്ഥാപനങ്ങളുടെ മൊത്തം എണ്ണം 90,118 ആയി.
കമ്പനി തുടങ്ങുന്നതിൽ യു.എ.ഇ സ്വദേശികൾ ആണ് രണ്ടാം സ്ഥാനത്ത്. 4445 കമ്പനികളാണ് ഇമാറാത്തികൾ ഈ കാലയളവിൽ പുതുതായി രജിസ്റ്റർ ചെയ്തത്. മൂന്നാം സ്ഥാനത്ത് പാകിസ്താനി നിക്ഷേപകരാണ്. 3395 പാകിസ്താനി കമ്പനികൾ ദുബൈയിൽ ഈ വർഷമാദ്യം പ്രവർത്തനം തുടങ്ങി. 2154 കമ്പനികൾ തുടങ്ങിയ ഈജിപ്ത് നാലാം സ്ഥാനത്തും 963 സ്ഥാപനങ്ങൾ തുടങ്ങിയ യു.കെ അഞ്ചാം സ്ഥാനത്തുമുണ്ട്. ആറാം സ്ഥാനക്കാരായ ചൈനക്കാർ 664 സ്ഥാപനങ്ങളാണ് ഈ വർഷമാദ്യം ദുബൈയിൽ രജിസ്റ്റർ ചെയ്തത്.
വൈവിധ്യത്തെ ഉൾക്കൊള്ളാനുള്ള ദുബൈ ചേംബറിന്റെ സന്നദ്ധതയാണ് വിവിധ രാജ്യങ്ങളുടെ പ്രാതിനിധ്യം സൂചിപ്പിക്കുന്നതെന്ന് സി.ഇ.ഒ മുഹമ്മദലി റാശിദ് ലൂത്ത പറഞ്ഞു.