യുഎഇ വിപണിയിലേക്ക് ഇന്ത്യൻ സവാള തിരിച്ചെത്തുന്നു; അനുമതി നൽകി കേന്ദ്ര സർക്കാർ
യു.എ.ഇയിലേക്ക് സവാള കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി ഇന്ത്യ . 14,400 ടൺ സവാളയാണ് യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതോടെ ഉള്ളിവിലയിൽ കുറവ് വന്നേക്കും എന്നാണ് സൂചന.
ഓരോ മൂന്നു മാസത്തിലും 3,600 ടൺ എന്നനിലക്കാണ് കയറ്റുമതി ചെയ്യുകയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്‍റെ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. ബംഗ്ലാദേശിലേക്കും സവാള കയറ്റുമതിക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. 2023 ഡിസംബറിലാണ് ഇന്ത്യ, 2024 മാർച്ച് വരെ സവാള കയറ്റുമതി നിരോധിച്ചത്. എന്നാൽ വിവിധ രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് കേന്ദ്ര സർക്കാർ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിൽ സവാള കയറ്റുമതി അനുവദിച്ചിരുന്നു.
വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പുവരുത്തുന്നതിനുമാണ് സവാളയുടെ കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക് താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിലയിൽ മാറ്റമുണ്ടായിരുന്നു. ചില രാജ്യങ്ങളിൽ ഏതാണ്ട് ആറു മടങ്ങോളം വിലവർധനയുണ്ടായി. ഈ സാഹചര്യത്തിൽ തുർക്കി, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യക്ക് ബദലായി ഗൾഫ് രാജ്യങ്ങളിലേക്ക് സവാള കൂടുതലായി എത്തിയിരുന്നത്.
ഇന്ത്യൻ സവാളക്ക് മുൻഗണന നൽകുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ തീരുമാനം ആശ്വാസകരമാണ്. റമളാൻ കൂടി അടുത്തെത്തിയ സാഹചര്യത്തിൽ വിപണിയിൽ ഇന്ത്യൻ സവാളക്ക് ആവശ്യക്കാർ വർധിക്കുമെന്നാണ് കരുതുന്നത്. ഗൾഫിലേയും മറ്റ് രാജ്യങ്ങളിലേക്കും സവാള കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ ഇന്ത്യ എടുക്കുന്ന തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ്.