ദുബൈയിലെ അനധികൃത ടാക്സി സർവീസ് ; പരിശോധന കർശനമാക്കി ആർടിഎ
ദുബൈ എമിറേറ്റിൽ അനധികൃത ടാക്സി സർവിസുകൾക്കെതിരെ കർശന നടപടിയുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. കഴിഞ്ഞ ദിവസങ്ങളിലായി വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ടാക്സി സർവിസ് നടത്തിയ 220 സ്വകാര്യ കാറുകൾ ആർ.ടി.എ പിടികൂടി. ഇതിൽ 90 കാറുകൾ ദുബൈ എയർപോർട്ട് പരിസരത്ത് നിന്നാണ് പിടിച്ചെടുത്തത്.
ആർ.ടി.എയും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റിയും നടത്തിയ പരിശോധനയിൽ ഒന്ന്, രണ്ട്, മൂന്ന് ടെർമിനലുകളിൽ നിന്നാണ് 90 അനധികൃത ടാക്സി കാറുകൾ പിടികൂടിയത്. ഇതുകൂടാതെ ഹത്ത മേഖലയിൽനിന്ന് 86 കാറുകളും ജബൽ അലി മേഖലയിൽനിന്ന് 49 കാറുകളും പിടികൂടിയിട്ടുണ്ട്.
കള്ള ടാക്സികളെ പിടികൂടാൻ ദുബൈ പൊലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്സുമായി സഹകരിച്ച് പരിശോധന നടത്തിയതായി ആർ.ടി.എയുടെ ഗതാഗത പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഏജൻസിയുടെ ഡയറക്ടർ സഈദ് അൽ ബലൂഷി പറഞ്ഞു. നിയമപരമല്ലാതെ ടാക്സി സർവിസ് വ്യാപകമായി നടക്കുന്ന സ്ഥലങ്ങളിലാണ് ആർ.ടി.എ പരിശോധന നടത്തുകയും നടപടിയെടുക്കുകയും ചെയ്തത്. യു.എ.ഇയിലെ നിയമപ്രകാരം അനധികൃതമായി ടാക്സി സർവിസ് നടത്തുന്നത് 3,000 ദിർഹം പിഴയും ലൈസൻസിൽ 24 ബ്ലാക്ക് പോയന്റും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും.