രണ്ടാം ദിവസവും യുഎഇയില്‍ ശക്തമായ മഴ; പലയിടത്തും വെള്ളക്കെട്ട്
തുടർച്ചയായി രണ്ടാം ദിവസവും യുഎഇയിൽ ശക്തമായ മഴ പെയ്തു. പുലർച്ചെ ആരംഭിച്ച മഴ മിക്ക എമിറേറ്റുകളിലും രാവിലെയും തുടർന്നു. ഷാർജ, അജ്മാൻ, റാസൽ ഖൈമ, ദുബായ് എന്നിടങ്ങളിലെല്ലാം കനത്ത മഴയിൽ വെള്ളെക്കെട്ടുണ്ടായി. മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻസിഎം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസവും മിക്ക എമിറേറ്റുകളിലും നല്ല മഴ ലഭിച്ചു. ഷാർജയിൽ അടിയന്തിര രക്ഷാ പ്രവർത്തനത്തിന് പ്രത്യേക ദൗത്യ സേന രംഗത്ത് ഇറങ്ങി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി ഷാർജ സുപ്രീം എമർജൻസി കമ്മിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സൈദ് അൽ തനാജി അറിയിച്ചു. റോഡിലെ വെള്ളം പമ്പ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക സംഘം രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഷാർജയിൽ എല്ലാ പാർക്കുകളും അടച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോകുന്നവർക്കും നിയന്ത്രണം ഉണ്ട്.
ദുബായിൽ വെള്ളക്കെട്ടിനെ തുടർന്ന് പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. തലസ്ഥാനമായ അബുദാബിയിലും മഴ തുടരുന്നുണ്ട്. ബുധനാഴ്ചയും മഴ തുടരും എന്നാണ് പ്രവചനം.വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.