ദുബൈയിൽ 'ബാക് ടു സ്കൂൾ' ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്
ദുബൈയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ സംരക്ഷണത്തിന് ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. ആഗസ്റ്റ് 17 മുതൽ ആരംഭിച്ച കാമ്പയിൻ 31വരെ നീണ്ടുനിൽക്കും. സമീകൃതാഹാരം, ശാരീരിക വ്യായാമം, നിയന്ത്രിതമായ ഉറക്കരീതികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഉപയോഗ നിയന്ത്രണം എന്നിവയിൽ ഊന്നിയാണ് കാമ്പയിൻ മുന്നോട്ടുപോകുന്നത്.
പോഷകസമൃദ്ധമായ ഉച്ചഭക്ഷണം തയാറാക്കാൻ പാചകവിദഗ്ധരുടെ മാർഗനിർദേശങ്ങൾ അടങ്ങിയ വർക്ക്ഷോപ്പുകളുടെ പരമ്പര തന്നെ ആരോഗ്യ വകുപ്പ് നടത്തിയിരുന്നു. സ്കൂൾ ഉച്ചഭക്ഷണം ലഞ്ച് ബോക്സുകളിൽ സൂക്ഷിക്കേണ്ട ടിപ്സുകളും വിദഗ്ധർ ക്ലാസുകളിൽ പങ്കുവെച്ചു.