മലീഹയിൽ വീണ്ടും വിളവെടുപ്പ്; ശൈഖ് സുൽത്താൻ പങ്കെടുത്തു
ഏക്കർ കണക്കിന് മരുഭൂമിയിൽ ഗോതമ്പ് വിളയിച്ച് മാതൃകയായ മലീഹയിൽ വീണ്ടും വിളവെടുപ്പ്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ഗോതമ്പു പാടത്തെ രണ്ടാമത് വിളവെടുപ്പ് നടന്നത്. ചടങ്ങിൽ മലീഹ ഫാമിനായി പണികഴിപ്പിച്ച അഡ്മിനിസ്ട്രേറ്റിവ് കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങിനു മുമ്പ് മലീഹയിലെ പദ്ധതിപ്രദേശത്ത് പര്യടനം നടത്തിയ ശൈഖ് സുൽത്താൻ മണ്ണിന്റെയും ഉപയോഗിച്ച ധാന്യങ്ങളുടെയും സാമ്പിളുകളും വിളകളുടെ മില്ലിങ് രീതികളും നിരീക്ഷിച്ചു. ഗോതമ്പ് ഫാമിലെ ഗോതമ്പിൽനിന്ന് ഭക്ഷ്യഉൽപന്നങ്ങൾ തയാറാക്കുന്ന രീതികളും കണ്ടു. തുടർന്ന് ശൈഖ് സുൽത്താൻ മണി മുഴക്കിയതോടെയാണ് ഗോതമ്പ് വിളവെടുപ്പിന് തുടക്കമായത്.
അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചാണ് വിളവെടുപ്പ് നടന്നത്. രണ്ടാം സീസണിൽ ആദ്യമായി വിളവെടുത്ത ഗോതമ്പ് ധാന്യങ്ങളുടെ സാമ്പിൾ ശൈഖ് സുൽത്താൻ സ്വീകരിക്കുകയും ചെയ്തു. തുടർന്നാണ് ഫാമിന്റെ അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം സന്ദർശിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തത്. മലീഹ പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഗോതമ്പു പാടത്തിന് സമീപം കോഴി വളർത്തലും പശു ഫാമും ആരംഭിക്കുമെന്ന് ശൈഖ് സുൽത്താൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു. രാസപദാർഥങ്ങളിൽനിന്ന് മുക്തമായ ജൈവികമായ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ മാസം മലീഹയിലെ ഗോതമ്പു പാടത്തെ കൃഷി ശൈഖ് സുൽത്താൻ സന്ദർശിച്ചിരുന്നു.
മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ഓർഗാനിക് ഗോതമ്പ് കൃഷിപ്പാടമാണ് മലീഹയിലേത്. 1,900 ഹെക്ടർ സ്ഥലത്താണ് ഇവിടെ കൃഷി ഒരുക്കുന്നത്. ഇവിടെ നിന്നുള്ള ഗോതമ്പിൽ 18 ശതമാനം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് ആദ്യമായി ഈ പ്രദേശത്ത് ഗോതമ്പ് ഉൽപാദിപ്പിച്ചത്. കൃഷിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് കഴിഞ്ഞ നവംബറിൽ ഗോതമ്പ് വിത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാലാവസ്ഥക്ക് യോജിക്കുന്ന രീതിയിൽ വെള്ളമെത്തിക്കുന്ന ജലസേചന സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ദിവസവും 60,000 ക്യുബിക് മീറ്റർ വെള്ളം വരെ പമ്പ്ചെയ്യാൻ ശേഷിയുള്ള ആറ് വലിയ സക്ഷൻ പമ്പുകൾ വഴിയാണ് ഗോതമ്പ് പാടത്തേക്ക് വെള്ളം എത്തിക്കുന്നത്.