'ഹാപ്പി ബെർത്ത് ഡേ' ഷെയ്ഖ് ഹംദാൻ: ദുബായ് കിരീടാവകാശിക്ക് ഇന്ന് 41-ാം പിറന്നാൾ
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനു ഇന്ന് 41-ാം പിറന്നാൾ. ഫസാ എന്നറിയിപ്പെടുന്ന ഷെയ്ഖ് ഹംദാൻ 2008 മുതൽ ദുബായിയുടെ കിരീടാവകാശിയാണ്.തന്റെ പ്രവർത്തികൾ കൊണ്ടും ഭരണമികവുകൊണ്ടും സ്വദേശികൾക്കും വിദേശികൾക്കും ഇടയിൽ ജനപ്രിയനാണ് ഷെയ്ഖ് ഹംദാൻ.
2008ൽ 25-ാം വയസ്സിലാണ് ഷെയ്ഖ് ഹംദാൻ ദുബായ് കിരീടാവകാശിയായത്. ചെറു പ്രായത്തിൽ തന്നെ ഭരണപരമായും കായികപരമായും സാഹിത്യപരവുമായൊക്കെ കഴിവു തെളിയിച്ചതോടൊപ്പം ഉന്നതവിദ്യാഭ്യാസം നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം. ദോഹ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസ ടീം ഇനത്തിൽ സഹോദരങ്ങൾക്കൊപ്പം സ്വർണ മെഡൽ നേടിയ താരമാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒട്ടേറെ ആരാധകരുള്ള കവിയുമാണ് അദ്ദേഹം. എക്സിക്യുട്ടീവ് കൗൺസിലിന്റെ അധ്യക്ഷനായി കുറഞ്ഞ കാലത്തിനുള്ളിൽ ഷെയ്ഖ് ഹംദാൻ ഭരണരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിരുന്നു.
ദുബായ് റാഷിദ് പ്രൈവറ്റ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഷെയ്ഖ് ഹംദാൻ ബ്രിട്ടൻ സാൻഡസ്റ്റ് റോയൽ മിലിട്ടറി അക്കാദമിയിലും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിലും ദുബായ് സ്‌കൂൾ ഓഫ് ഗവൺമെന്റിലുമായാണ് അധ്യയനം പൂർത്തിയാക്കിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഷെയ്ഖ് ഹംദാൻ സാധാരണ ജനങ്ങളുമായി നിരന്തരം സമ്പർക്കമുള്ള വ്യക്തിയാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും അദ്ദേഹം തന്റെ ഫാസ്3 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവയ്ക്കാറുണ്ട്.