ഹംദയുടെ കാരുണ്യ പ്രവർത്തികൾക്ക് തുടർച്ചയുണ്ടാകും; 10 ലക്ഷം ദിർഹം നൽകി ശൈഖ് സുൽത്താൻ
പ്രതിഭയാലും കാരുണ്യത്താലും ഒരേസമയം വിസ്മയിപ്പിച്ച് ഈ ലോകത്തുനിന്ന് വിടപറഞ്ഞ യുവ ഇമാറാത്തി ഹംദ തർയാം ആഫ്രിക്കയിലെ ദരിദ്രമേഖലകളിൽ തുടക്കംകുറിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകും. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഹംദയുടെ സംരംഭങ്ങളെ പിന്തുണക്കുന്നതിന് 10 ലക്ഷം ദിർഹം പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് 24കാരിയായ ഇമാറാത്തി മരണത്തിന് കീഴടങ്ങിയത്. ‘ദ ഫാസ്റ്റസ്റ്റ്’എന്ന നെറ്റ്ഫ്ലിക്സ് ഷോയിലൂടെയാണ് ഇവർ പ്രശസ്തിയിലേക്കുയർന്നത്. മികച്ച റേസർ എന്നനിലയിലും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഇവർ, സ്വന്തംപേരിൽ യുഗാണ്ടയിൽ ഫൗണ്ടേഷന് തുടക്കംകുറിച്ച് നിരവധി സംരംഭങ്ങൾക്ക് നേതൃത്വംനൽകിയിരുന്നു.
ഷാർജ ചാരിറ്റബിൾ സൊസൈറ്റി വഴിയാണ് ശൈഖ് സുൽത്താൻ സംഭാവന നൽകുന്നത്. ഇതുപയോഗിച്ച് ഹംദ ആരംഭിച്ച സംരംഭങ്ങൾ പൂർത്തീകരിക്കും. ഹംദ തർയാമിന്റെ മരണത്തിൽ പിതാവ് തർയാം മതാർ തർയാമിനെ ശൈഖ് സുൽത്താൻ അനുശോചനം അറിയിച്ചു.
ദരിദ്രമേഖലകളിലെ പുതുതലമുറയെ ഉയർത്തിക്കൊണ്ടുവരുന്നതിന് വിവിധ സംവിധാനങ്ങൾ ഹംദ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ചിരുന്നു. 2022 മാർച്ചിൽ യുഗാണ്ടയിലെ മാസ്ക പ്രദേശത്ത് പുതുതായി തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിച്ചിരുന്നു. അനാഥരായ വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകാനും ജോലി നേടുന്നതിനാവശ്യമായ വൈദഗ്ധ്യം കൈവരിക്കാനും സഹായിക്കലാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. അനാഥർക്കായുള്ള ‘തർയാം സ്കൂൾ’പദ്ധതിയുടെ തുടർച്ചയായാണ് ഈ സ്ഥാപനം രൂപപ്പെടുത്തിയത്. 350 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം നൽകുന്നതാണ് സ്കൂൾ പദ്ധതി. എട്ടു ലക്ഷം ദിർഹം ചെലവുവരുന്ന, ലാഭേച്ഛയില്ലാത്ത ആശുപത്രി പദ്ധതിയും ഫൗണ്ടേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 2020 നവംബർ 11ന് പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ മൂന്നു ലക്ഷം രോഗികളെ സൗജന്യമായി ചികിത്സിക്കുകയും 5,000 പ്രസവങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്.