ഹത്ത ഡാമിൻ ചെരുവിലെ ചുമർ ചിത്രത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്
ഹത്ത ഡാമിന് മുകളിൽ സ്ഥാപിച്ച ‘സായിദ് ആൻഡ് റാശിദ് ചുമർ ചിത്രത്തിന് ഗിന്നസ് ലോക റെക്കോഡ്. ദുബൈ മീഡിയ ഓഫിസിന്റെ (ഡി.എം.ഒ) ക്രിയേറ്റിവ് വിഭാഗമായ ബ്രാൻഡ് ദുബൈയും ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ദീവ) കൈകോർത്താണ് രാഷ്ട്രനിർമാതാക്കളായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ, ശൈഖ് റാഷിദ് ബിൻ സഈദ് ആൽ മക്തൂം എന്നിവരോടുള്ള ആദരസൂചകമായി ഹത്ത ഡാം വെള്ളച്ചാട്ടത്തിന്റെ ചെരുവിലായി മാർബിളിൽ മനോഹരമായ ചുമർ ചിത്രം ഒരുക്കിയത്.
ദേശീയപതാക ദിനമായ നവംബർ മൂന്നുമുതൽ 53ാമത് ദേശീയദിനമായ ഡിസംബർ രണ്ടുവരെയുള്ള പ്രധാന ദേശീയ ദിനങ്ങൾ ആഘോഷിക്കുന്നതിനായി പ്രഖ്യാപിച്ച സായിദ് ആൻഡ് റാശിദ് കാമ്പയിനിന്റെ ഭാഗമായി നിർമിച്ച കൂറ്റൻ ചുമർ ചിത്രത്തിന് 2198.7 ചതുരശ്ര മീറ്ററാണ് നീളം.
ഹത്ത ഡാം വെള്ളച്ചാട്ടത്തിന്റെ ചിത്രത്തിന് പകരമാണ് രാഷ്ട്രനേതാക്കളുടെ പൈതൃകത്തെയും പാരമ്പര്യത്തെയും ആദരിക്കുന്നതിനായി മാർബിളിൽ ഇരുവരുടെയും ചുമർ ചിത്രം നിർമിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 100ലധികം പ്രാദേശിക, രാജ്യാന്തര കരകൗശല വിദഗ്ധരുടെ സഹായത്തോടെ റഷ്യൻ കലാകാരനായ സെർജി കോർബസോവ് ആണ് ഈ ചരിത്ര നിർമിതിക്ക് നേതൃത്വം നൽകിയത്. നാലു മാസത്തിലധികം പരിശ്രമിച്ചാണ് ഈ മനോഹര സൃഷ്ടി രാജ്യത്തിനുവേണ്ടി ഇവർ തയാറാക്കിയത്.
5x5 സെന്റീമീറ്റർ നീളത്തിലുള്ള 12 ലക്ഷം മാർബിൾ കഷ്ണങ്ങൾ ഉപയോഗിച്ച് നിർമിച്ച ചുമർ ചിത്രം എമിറേറ്റിന്റെ കലാപരമായ മികവ് പ്രകടമാക്കുന്നതാണ്. മനോഹരമായ ഈ നിർമിതി ഹത്തയിലെത്തുന്ന സഞ്ചാരികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുമെന്നുറപ്പാണ്.
എമിറേറ്റിലുടനീളം വ്യത്യസ്തങ്ങളായ പൊതു കലാസൃഷ്ടികൾ നിർമിച്ച് ദുബൈയുടെ സാംസ്കാരിക അസ്തിത്വം, ചരിത്രം, മൂല്യങ്ങൾ, അഭിലാഷങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്നതിനായി 2016ൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആരംഭിച്ച ദുബൈ സ്ട്രീറ്റ് മ്യൂസിയത്തിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ ഭാഗമായുള്ളതാണ് ഈ വിസ്മയിപ്പിക്കുന്ന കലാസൃഷ്ടിയും.