Begin typing your search...

അബൂദബിയിൽ ഗ്രീൻ ബസ് സർവിസിന് തുടക്കമായി

അബൂദബിയിൽ ഗ്രീൻ ബസ് സർവിസിന് തുടക്കമായി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അബൂദബിയിൽ ഗ്രീൻ ബസ് സർവിസിന് തുടക്കമായി. ഹൈഡ്രജനിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഹരിത ബസുകൾ വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങിയതായി സംയോജിത ഗതാഗത കേന്ദ്രമായ അബൂദബി മൊബിലിറ്റി അറിയിച്ചു. 2030ഓടെ അബൂദബിയെ പൊതുഗതാഗത ഹരിത മേഖലയായി മാറ്റുകയെന്ന ലക്ഷ്യത്തിൻറെ ഭാഗമായി എഡി മൊബിലിറ്റി ആവിഷ്‌കരിച്ച ഗ്രീൻ ബസ് പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പാണ് നടപ്പാക്കിയിരിക്കുന്നത്. മറീന മാൾ, അൽ റീം ദ്വീപിലെ ഷംസ് ബൂട്ടിക് എന്നിവകൾക്കിടയിലെ റൂട്ട് 65ലാണ് പുതിയ ഗ്രീൻ ബസുകൾ സർവിസ് നടത്തുന്നത്.

സർവിസ് നടത്തി ബസുകളുടെ പ്രകടനം വിലയിരുത്തിയശേഷം കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കാനും കൂടുതൽ കേന്ദ്രങ്ങളിലേക്ക് സർവിസ് നടത്താനുമാണ് അധികൃതരുടെ നീക്കം. നിലവിൽ ഡീസലിലോടുന്ന പൊതുഗതാഗത ബസുകളൊക്കെ പുനരുപയോഗ ഊർജത്തിലോടുന്നവയാക്കി മാറ്റി കാർബൺ പുറന്തള്ളൽ ഒഴിവാക്കുകയാണ് ലക്ഷ്യം. 2023 നവംബറിൽ ആരംഭിച്ച ഗ്രീൻ ബസ് പദ്ധതിയുടെ വിലയിരുത്തൽ 2025 ജൂണിൽ സമാപിക്കും. ഇതിനിടെ ഡ്രൈവർമാർ അടക്കമുള്ള ബസ് ഓപറേറ്റർമാർക്ക് ആവശ്യമായ എല്ലാ പരിശീലനങ്ങളും എഡി മൊബിലിറ്റി നൽകും.

ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും അവ പരിശോധിക്കുന്നതിനുമുള്ള പരിശീലനം ടെക്‌നീഷ്യൻമാർക്കും നൽകിക്കൊണ്ടിരിക്കും. ഇത്തരം വാഹനങ്ങളിലൂടെ ഭാവിയിൽ ഒരുലക്ഷം മെട്രിക് ടൺ കാർബൺ മാലിന്യം ഇല്ലാതാക്കാനാവുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ഹരിത പൊതുഗതാഗത ലക്ഷ്യത്തിൻറെ ഭാഗമായാണ് തലസ്ഥാന നഗരയിൽ ഹൈഡ്രജൻ ബസുകൾ സർവിസ് നടത്തുന്നത്. 2030ഓടെ അബൂദബിയിലെ പൊതുഗതാഗതത്തിൻറെ 20 ശതമാനവും ഹരിതവത്കരിക്കുകയാണ് ലക്ഷ്യം. 2050ഓടെ ഇത് 100 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി മാറ്റാനാവുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലെ യാത്രക്കൂലിയാണ് ഇതിനും ബാധകമാവുക.

ബസ് ഡിപ്പോകളിൽ ചാർജിങ് സ്റ്റേഷനുകളും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിൻറെ ഭാഗമായി കൊണ്ടുവരുന്ന ഹൈഡ്രജൻ ബസുകളിൽനിന്ന് നീരാവി മാത്രമാവും പുറന്തള്ളുക. ഹൈഡ്രജൻ, ഇലക്ട്രിക് ബസുകളുടെ പ്രവർത്തനത്തെക്കുറിച്ചും മറ്റും പഠിക്കാൻ ഇമാറാത്തി എൻജിനീയർമാരെ ചൈനയിലേക്കും ദക്ഷിണ കൊറിയയിലേക്കും നേരത്തേ അയച്ചിരുന്നു. 520 കിലോമീറ്റർ ദൂരം ഓരോ ബസും ദിവസം പിന്നിടും. ഇലക്ട്രിക് ബസുകളുടെ ഉപയോഗത്തിലൂടെ പ്രതിദിനം 3.7 ടൺ കാർബൺ പുറന്തള്ളൽ ഇല്ലാതാക്കാനാവും.

WEB DESK
Next Story
Share it