ദുബൈ സ്മാർട്ട് പൊലീസ് സ്റ്റേഷന് മികച്ച പ്രതികരണം
മനുഷ്യന്‍റെ ഇടപെടലില്ലാതെ സന്ദർശകർക്ക് പരാതികൾ റിപോർട്ട് ചെയ്യാനായും പൊലീസ് സേവനങ്ങൾക്കായി അപേക്ഷ സമർപ്പിക്കാനുമായി സ്ഥാപിച്ച സ്മാർട്ട് പൊലീസ് സ്റ്റേഷന് കഴിഞ്ഞ വർഷവും വൻ പ്രതികരണം ലഭിച്ചതായി ദുബൈ പൊലീസ്. 2022നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സ്മാർട്ട് പൊലീസ് സ്റ്റേഷൻ സന്ദർശിച്ച നിവാസികളും സന്ദർശകളും സമർപ്പിച്ച റിപോർട്ടുകളിൽ 13 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. 2022ൽ 10,7,719 ഇടപാടുകൾ രേഖപ്പെടുത്തിയപ്പോൾ 2023ൽ അത് 121,986 ആയി ഉയർന്നതായി ദുബൈ പൊലീസ് മേജർ ജനറൽ അൽ അഹമ്മദ് ഖാനിം പറഞ്ഞു.
മനുഷ്യ സഹായമില്ലാതെ നിവാസികൾക്ക് പരാതികളും അപേക്ഷകളും സമർപ്പിക്കാൻ കഴിയുന്ന ലോകത്തെ ആദ്യ പൊലീസ് സംരംഭമാണ് ദുബൈ സ്മാർട്ട് പൊലീസ് സ്റ്റേഷൻ. വിവിധ പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ട്രാഫിക് കേസുകൾ തുടങ്ങിയവ ഉൾപ്പെടെ 46 സേവനങ്ങൾ സ്മാർട്ട് പൊലീസ് സ്റ്റേഷനിൽ ലഭ്യമാണ്. പൊലീസ് ഓഫിസറെ മുഖാമുഖം കാണാതെ പരാതിക്കാരന് ക്രമിനൽ പരാതികൾ റിപോർട്ട് ചെയ്യാനും ഇവിടെ സാധിക്കും. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഓഫിസറുമായി വീഡിയോ കോൾ ചെയ്യാനും കാര്യങ്ങൾ വിശദീകരിക്കാനും സാധിക്കുമെന്നതാണ് സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ മറ്റൊരു പ്രത്യേകത.
അറേബ്യൻ റാഞ്ചസ്, ലാമർ, ലാസ്റ്റ് എക്സിറ്റ് ഖവാനീജ്, ലാസ്റ്റ് എക്സിറ്റ്-ഇ11 (ദുബൈ ബൗണ്ട്), ലാസ്റ്റ് എക്സിറ്റി ഇ-11 (അബൂദബി ബൗണ്ട്), സിറ്റി വാൾക്ക്, അൽ സീഫ്, ദുബൈ സിലിക്കൻ ഒയാസിസ്, പാം ജുമൈറ, അൽ മുറാഖബാത്ത്, ദുബൈ പൊലീസ് ഹെഡ് ക്വാട്ടേഴ്സ്, ദുബൈ ഡിസൈന ഡിസ്ട്രിക്ട് (ഡി-3), ദുബൈ എയർപോർട്ട് ഫ്രീസോൺ, എക്സ്പോ സിറ്റി ദുബൈ, ഹത്ത, അൽ ലെസയ്ലി, അൽ ഇയാസ് സബർബൻ പൊലീസ് പൊലീസ് പോയിന്‍റ് എന്നിവിടങ്ങളിലായി 22 സ്മാർട്ട് പൊലീസ് സ്റ്റേഷനുളാണ് ദുബൈയിൽ സ്ഥാപിച്ചിട്ടുള്ളത്. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, ചൈനീസ് എന്നിവ ഉൾപ്പെടെ ഏഴു ഭാഷകൾ സ്റ്റേഷനുകളിൽ സേവനങ്ങൾ ലഭ്യമാണ്.