ഗ്ലോബൽ വില്ലേജ് ഒക്ടോബർ 16ന് തുറക്കും
ദുബൈ ഗ്ലോബൽ വില്ലേജിന്റെ 29ാം സീസൺ ഒക്ടോബർ 16 മുതൽ ആരംഭിക്കും. അടുത്ത വർഷം മേയ് 11 വരെയാണ് പുതിയ സീസൺ എന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ സീസണുകളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് ഇത്തവണ സന്ദർശകർക്കായി ആഗോള ഗ്രാമം വാഗ്ദാനം ചെയ്യുന്നത്. ലോകത്തെ വിവിധ സാംസ്കാരങ്ങളെ പ്രതിനിധാനംചെയ്യുന്ന നിരവധി അടിസ്ഥാന സൗകര്യങ്ങളും ഇത്തവണ ഒരുക്കുന്നുണ്ട്. 28ാമത് സീസണിൽ ഒരു കോടി സന്ദർശകരാണ് ഗ്ലോബൽ വില്ലേജിലെത്തിയത്. 27 പവിലിയനുകളിലായി 90ലധികം സംസ്കാരങ്ങളെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
400ലധികം കലാകാരന്മാർ സീസണിന്റെ ഭാഗമായി. 40,000ത്തിലധികം പ്രകടനങ്ങളും അരങ്ങേറിയിരുന്നു. 200ലധികം റൈഡുകൾ, 35,00 ഷോപ്പിങ് ഔട്ട്ലെറ്റുകൾ, 250 ഡയനിങ് ഓപ്ഷനുകൾ എന്നിവയും കഴിഞ്ഞ സീസണിൽ സന്ദർശകർക്കായി ഒരുക്കിയിരുന്നു. മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കും 65 വയസ്സ് കവിഞ്ഞ വയോധികർക്കും നിശ്ചയദാർഢ്യ വിഭാഗങ്ങൾക്കും പ്രവേശനം സൗജന്യമാണ്. മറ്റുള്ളവർക്ക് ഫീസ് ഈടാക്കിയാണ് പ്രവേശനം അനുവദിക്കുന്നത്.