ഫുജൈറ അഡ്വഞ്ചേഴ്സ് ഔട്ട്ഡോർ വിനോദങ്ങൾക്ക് നിയന്ത്രണം
ഫുജൈറ അഡ്വഞ്ചർ സെന്റർ എമിറേറ്റിലെ പർവത പാതകളിലേക്കുള്ള പ്രവേശനവും ഔട്ട്ഡോർ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. വേനല്‍ക്കാലം ആരംഭിച്ചതും ചൂട് ക്രമാതീതമായി വര്‍ധിച്ചതിനാലുമാണ് ജൂൺ ഒന്നു മുതൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കാലാവസ്ഥ സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ചായിരിക്കും പൂര്‍വ സ്ഥിതിയില്‍ ആവുക. വിനോദ സഞ്ചാരികളുടെയും സാഹസികരുടെയും സുരക്ഷയും പ്രകൃതിയെ ഉത്തരവാദിത്തത്തോടെ ആസ്വദിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. പർവതാരോഹണത്തിലോ പർവത പാതകളിലൂടെ നടക്കുകയോ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നവർക്ക് 25,000 ദിർഹം പിഴയും നിയമലംഘനം ആവർത്തിച്ചാൽ 50,000 ദിര്‍ഹമും കൂടാതെ നിയമലംഘനം നടത്തുന്ന കമ്പനിയുടെ പ്രവർത്തനം പൂർണമായും നിർത്തലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.