ഫെബ്രുവരി 28 ഇമാറാത്തി വിദ്യാഭ്യാസ ദിനമായി ആചരിക്കും
എല്ലാ വർഷവും ഫെബ്രുവരി 28ന് ഇമാറാത്തി വിദ്യാഭ്യാസ ദിനമായി ആചരിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തുടർച്ചയായ പുരോഗതിയിൽ വിദ്യാഭ്യാസത്തിന്റെ പ്രധാന പങ്കിനെ രേഖപ്പെടുത്തുന്നതിനും മേഖലയിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിനുമാണ് വിദ്യാഭ്യാസ ദിനം കൊണ്ട് അർഥമാക്കുന്നതെന്ന് എക്സ് അക്കൗണ്ടിൽ കുറിച്ച സന്ദേശത്തിൽ ശൈഖ് മുഹമ്മദ് പറഞ്ഞു.
1982 ഫെബ്രുവരി 28നാണ് രാഷ്ട്രപിതാവ് ശൈഖ് സായിദ് യു.എ.ഇ സർവകലാശാലയിൽ നിന്നുളള ആദ്യ അധ്യാപക ബാച്ച് പുറത്തിറങ്ങുന്നതിന് സാക്ഷ്യം വഹിച്ചത്. യു.എ.ഇയുടെ വികസനത്തിന്റെയും വളർച്ചയുടെയും യാത്രയിൽ ചരിത്രപരമായ ഈ ചുവടുവെപ്പ് അടയാളപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.