വ്യാജ വെബ്സൈറ്റുകൾ വ്യാപകം: നോൾകാർഡ് റീചാർജിലും തട്ടിപ്പ്
വെബ്സൈറ്റ് വഴി നോൾ കാർഡ് റീചാർജ് ചെയ്യുമ്പോൾ അതി ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി അധികൃതർ. വ്യാജ വെബ്സൈറ്റിലൂടെ പണം നഷ്ടമാകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ)യുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ദുബൈ നിവാസിയായ മുഹമ്മദ് സൽമാന് ആർ.ടി.എയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി നോൾ കാർഡ് റീചാർജ് ചെയ്യുന്നതിനിടെ 1,051 ദിർഹം നഷ്ടമായിരുന്നു. 30 ദിർഹത്തിന് റീചാർജ് ചെയ്യുന്നതിനിടെയാണ് വലിയ തുക അക്കൗണ്ടിൽനിന്ന് നഷ്ടമായത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് വ്യാജ വെബ്സൈറ്റുകളുടെ നിർമാണമെന്നതിനാൽ ഇവ എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കില്ലെന്നാണ് സൽമാന്റെ അനുഭവം.
ഗൂഗ്ളിൽ സെർച്ച് ചെയ്താൽ നോൾ Nol card topup, RTA nol card recharge online, Nol card topup തുടങ്ങിയ ലിങ്കുകൾ കാണാനാകും. ഈ ലിങ്കിൽ കയറിയാൽ നോൾ കാർഡ് ഐഡി, ഇ-മെയിൽ വിലാസം, റിചാർജ് ചെയ്യേണ്ട തുക എന്നിവ എന്റർ ചെയ്യാൻ ആവശ്യപ്പെടും. ഈ നടപടികൾ പൂർത്തീകരിച്ച ഉടൻ പേമെന്റ് വിൻഡോയിൽ ഒ.ടി.പി വരും. ഇത് എന്റർ ചെയ്യുന്നതോടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡിൽനിന്ന് പണം നഷ്ടപ്പെടുകയായിരുന്നുവെന്ന് സൽമാൻ പറഞ്ഞു. 30 ദിർഹത്തിന് പകരം 1051 ദിർഹമാണ് നഷ്ടപ്പെട്ടത്. എന്റർ ചെയ്തതിൽ വന്ന പിഴവായിരിക്കുമെന്ന് ധരിച്ച ഇദ്ദേഹം നോൾകാർഡിലെ ബാലൻസ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് ദുബൈ പൊലീസിലും ബാങ്കിലും പരാതി നൽകുകയായിരുന്നു. മോണോ ഡയറക്ട് എഫ്.ജെ1 കിയവ്, യുക്രെയ്ൻ എന്ന വിലാസമാണ് വെബ്സൈറ്റിൽ ഉണ്ടായിരുന്നതെന്നും സൽമാൻ ഓർക്കുന്നു.
ആർ.ടി.എ കൂടാതെ ഗ്ലോബൽ വില്ലേജ്, ഫ്യൂച്ചർ മ്യൂസിയം എന്നീ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളുടെ പേരിലും വ്യാജന്മാർ വിലസുന്നുണ്ട്. ഫ്യൂച്ചർ മ്യൂസിയം ടിക്കറ്റ് എടുക്കുന്നതിനിടെ വിനോദസഞ്ചാരിക്ക് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത് 6,000 ദിർഹമാണ്. cargovanexpeditinginny.com എന്ന വെബ്സൈറ്റിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. ഈ സൈറ്റിനെ ‘അപകടകാരി’ എന്നാണ് ഗൂഗ്ൾ നൽകുന്ന മുന്നറിയിപ്പ്. ഗ്ലോബൽ വില്ലേജിൽ 22 ദിർഹത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചയാൾക്കും സമാന അനുഭവമു ണ്ടായി. ആദ്യം വന്ന ഒ.ടി.പി എന്റർ ചെയ്തപ്പോൾ തെറ്റാണെന്ന് കാണിച്ച് ഫോണിൽ മൂന്നു തവണ ഒ.ടി.പി വന്നു. ഈ നമ്പർ എന്റർ ചെയ്ത ഉടൻ ക്രെഡിറ്റ് കാർഡിൽനിന്ന് 1040 ദിർഹം നഷ്ടമാകുകയായിരുന്നുവേത്ര.
എന്നാൽ, ഇത്തരം വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത പുലർത്തുകയാണ് തട്ടിപ്പിൽ രക്ഷപ്പെടാനുള്ള മാർഗമെന്നാണ് സൈബർ സുരക്ഷ വിദഗ്ധനായ ഉബൈദുല്ല ഖാസിമി പറയുന്നു. വ്യക്തിപരമായ വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ്സൈറ്റ് വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം. സൈറ്റിലെ വ്യാകരണ തെറ്റുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജനെ തിരിച്ചറിയാനാകും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ മൂന്നുപാദത്തിൽ മാത്രം യു.എ.ഇയിൽ 7.7 കോടി സൈബർ തട്ടിപ്പുകൾ തടയാൻ കഴിഞ്ഞതായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ തലവൻ ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു.