നാലു മാസത്തിൽ 57 ലക്ഷം യാത്രക്കാരുമായി ഇത്തിഹാദ്
ഈവർഷം ആദ്യ നാലു മാസങ്ങളിൽ മാത്രം ഇത്തിഹാദ് എയർവേസ് ഉപയോഗിച്ചത് 57 ലക്ഷം യാത്രക്കാർ. അബൂദബി ആസ്ഥാനമായ വിമാനക്കമ്പനി ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ യാത്രക്കാരുടെ എണ്ണത്തേക്കാൾ 41ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഏപ്രിൽ മാസത്തിൽ മാത്രം 14 ലക്ഷം യാത്രക്കാരാണ് സർവിസുകൾ ഉപയോഗപ്പെടുത്തിയത്. നിലവിൽ 89 വിമാനങ്ങളാണ് കമ്പനിക്കുള്ളത്. ഇവയിലൂടെ ആഗോള തലത്തിൽ 68 സ്ഥലങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ 39 ശതമാനം വളർച്ചയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. കമ്പനി 2024ലെ ആദ്യപാദത്തിൽ 52.6 കോടി ദിർഹമിന്റെ ലാഭം നേടിയിരുന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 5.9 കോടി ദിർഹം മാത്രമായിരുന്നു കമ്പനിയുടെ ലാഭം. ഇത്തവണ 791 ശതമാനത്തിന്റെ വർധനവാണ് ലാഭത്തിൽ കൈവരിച്ചത്. 2023നെ അപേക്ഷിച്ച് 2024ൽ മൊത്ത വരുമാനത്തിൽ 98.7 കോടി ദിർഹമിന്റെ വർധനയും രേഖപ്പെടുത്തി. 2023 ആദ്യപാദത്തിൽ 475.2 കോടി ദിർഹമായിരുന്നു കമ്പനിയുടെ മൊത്ത വരുമാനം. 2024 ആദ്യപാദത്തിൽ ഇത് 573.9 കോടി ദിർഹമായി ഉയർന്നു. ചരക്ക് നീക്കമടക്കമുള്ള വരുമാന സ്രോതസ്സുകളിലും ഇത്തിഹാദ് കഴിഞ്ഞ വർഷത്തേക്കാൾ വർധന ഉണ്ടാക്കിയിട്ടുണ്ട്.