അബുദാബിയിൽ ഒട്ടകങ്ങളുടെ എണ്ണം വർധിച്ചുവെന്ന് കണക്കുകൾ
വികസനത്തിന്റെ എല്ലാ സൂചികകളിലും അതിവേഗം വളരുന്ന അബൂദബി എമിറേറ്റിൽ ഒട്ടകങ്ങൾക്കും നല്ലകാലം. എമിറേറ്റിലെ ഒട്ടകങ്ങളുടെ എണ്ണം ഏകദേശം 4,76,082 ആയി വര്‍ധിച്ചുവെന്ന് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി (അഡാഫ്സ) അറിയിച്ചു. ജൂണ്‍ 22 ലോക ഒട്ടക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കണക്ക് പുറത്തുവിട്ടത്. ഇതില്‍ 99,071 ഒട്ടകങ്ങള്‍ അബൂദബിയിലും 2,54,034 എണ്ണം അല്‍ഐനിലും 12,977 ഒട്ടകങ്ങള്‍ അല്‍ ദഫ്റ റീജിയനിലുമാണുള്ളത്.
ഒട്ടകങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും സാംസ്കാരിക പൈതൃകത്തില്‍ ഒട്ടകങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ സംവിധാനത്തില്‍ അവയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ തങ്ങള്‍ തുടരുകയാണെന്ന് അഡാഫ്സ പ്രസ്താവനയിൽ പറഞ്ഞു.
ഗുണമേന്മയുള്ള മൃഗസേവനങ്ങള് നല്‍കിയും ഒട്ടകങ്ങളുടെ ആരോഗ്യത്തിന്റെയും ബ്രീഡിങ്ങിന്റെയും ഉൽപാദനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നല്‍കിയുമാണ് ഇതു സാധ്യമാക്കിയതെന്ന് അഡാഫ്സ വ്യക്തമാക്കി. 90ലേറെ രാജ്യങ്ങളില്‍ ഒട്ടകങ്ങള്‍ക്കുള്ള സാമ്പത്തിക, സാംസ്കാരിക മൂല്യം ഉയര്‍ത്തുന്നതിനായി യു.എന്‍ ഈ വര്‍ഷം കാമലിഡ്സ് വര്‍ഷമായി ആചരിക്കുന്നതിനൊപ്പമാണ് ഇത്തവണ ലോക ഒട്ടക ദിനംകൂടി കടന്നുപോയതെന്ന പ്രത്യേകതയുമുണ്ട്. പാലും മാംസവും അടക്കം ഉൽപാദിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും ചരക്ക് നീക്കത്തിലും മനുഷ്യര്‍ക്ക് യാത്ര സൗകര്യമൊരുക്കുന്നതിലുമൊക്കെ ഒട്ടകങ്ങള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഒട്ടകങ്ങള്‍ക്കായി അഡാഫ്സ വാക്സിനുകളും മരുന്നുകളും നല്‍കുകയും അവയിലെ രോഗങ്ങളെയും കീടങ്ങളെയും തുരത്തുകയും ചെയ്തുവരുന്നുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം 1,30,700 ഒട്ടകങ്ങള്‍ക്കായി 1,85,797 വെറ്ററിനറി സേവനങ്ങളാണ് അഡാഫ്സ ലഭ്യമാക്കിയത്. 2009 മുതല്‍ അല്‍ ദഫ്റ കാമല്‍ മസയ്ന ഫെസ്റ്റിവല്‍ എന്ന ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരം അഡാഫ്സയുടെ പിന്തുണയോടെ നടക്കുന്നുണ്ട്. ഒട്ടകങ്ങളുടെ ഓട്ടമത്സരം അടക്കമുള്ളവയും ഇവിടെ അരങ്ങേറുന്നുണ്ട്.