അറബ് മീഡിയ ഉച്ചകോടിക്ക് ദുബൈ വേദിയാകും
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മാധ്യമ സമ്മേളന വേദിയായ അറബ് മീഡിയ സമ്മിറ്റ് 2025 മേയ് 26 മുതൽ 28 വരെ ദുബൈയിൽ നടക്കും. ദുബൈയിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിന് കീഴിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ സഅബീൽ ഹാൾ 5, 6 എന്നിവിടങ്ങളിലാണ് സമ്മിറ്റ് അരങ്ങേറുക. അന്താരാഷ്ട്ര മാധ്യമ സംഘടനകൾ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, എഴുത്തുകാർ, ചിന്തകർ, ഒപീനിയൻ മേകേഴ്സ്, മാധ്യമ പ്രവർത്തകർ, അറബ് പ്രമുഖരുടെ മുതിർന്ന എക്സിക്യൂട്ടിവുകൾ എന്നിവരുൾപ്പെടെ 6,000 പേർ സമ്മിറ്റിൽ പങ്കെടുക്കും. ദുബൈ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ അറബ് മീഡിയ ഫോറം, അറബ് യൂത്ത് മീഡിയ ഫോറം, അറബ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് സമ്മിറ്റ് എന്നിവയും നടക്കും. അറബ് മീഡിയ അവാർഡ്, അറബ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് അവാർഡ്, ഇബ്ദാഅ -അറബ് യൂത്ത് മീഡിയ അവാർഡ് എന്നിങ്ങനെ മൂന്ന് അവാർഡുകളും ഉച്ചകോടി സമ്മാനിക്കും.
അസാധാരണമായ സാങ്കേതിക മുന്നേറ്റങ്ങൾ കാരണമായി സുപ്രധാനമായ പരിവർത്തനത്തിന് മാധ്യമ മേഖല വിധേയമാകുകയാണെന്നും ഈ സാഹചര്യത്തിൽ ഭാവിയിലേക്കായി ഒരു പുതിയ കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്നും ദുബൈ പ്രസ് ക്ലബ് ഡയറക്ടർ ഡോ. മൈഥ ബിൻത് ഈസ ബുഹുമൈദ് പറഞ്ഞു. മേഖലയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയാൻ മാധ്യമ സ്ഥാപനങ്ങളും പ്രഫഷനലുകളും ഉൾപ്പെടെ അറബ് മാധ്യമ സമൂഹത്തിലെ അംഗങ്ങളുമായി ദുബൈ പ്രസ് ക്ലബ് വിപുലമായ ഇടപെടലുകൾ നടത്തി വരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.