ഇ-ഗെയിംമിങ് നിർമാണ മേഖലയിലുള്ളവരെ സ്വാഗതം ചെയ്ത് ദുബൈ ; ദീർഘകാല വിസ അവതരിപ്പിച്ചു
ഇ- ഗെയിമിങ് നിർമാണ മേഖലയിലെ പ്രഗല്ഭരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ദീർഘകാല വിസ അവതരിപ്പിച്ച് ദുബൈ. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയും (ദുബൈ കൾച്ചർ), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) എന്നിവർ ചേർന്നാണ് ദീർഘകാല വിസ പദ്ധതി അവതരിപ്പിച്ചത്. ഞായറാഴ്ച ദുബൈ കൾച്ചർ വാർത്ത കുറിപ്പിലൂടെയാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്.
സാംസ്കാരികവും പൈതൃകവുമായ കലകൾ, പ്രകടനകല ആഘോഷങ്ങൾ, വിഷ്വൽ ആർട്സ്, പുസ്തകങ്ങളും പത്രങ്ങളും, ഓഡിയോ-വിഷ്വൽസ്, ഇന്ററാക്ടിവ് മീഡിയ, ഡിസൈൻ, ക്രിയേറ്റിവ് സേവനങ്ങൾ എന്നീ ആറ് മേഖലകൾ കൂടാതെ വിവിധ ഉപമേഖലകളിൽ പ്രാഭല്ഭ്യമുള്ള എഴുത്തുകാർ, ചിന്തകർ, കലാകാരൻമാർ, നിർമാതാക്കൾ എന്നിവരെ ലക്ഷ്യമിട്ടാണ് ദീർഘകാലാടിസ്ഥാനത്തിലുള്ള വിസ അവതരിപ്പിച്ചിരിക്കുന്നത്.
വിസയുടെ കാലാവധി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. വിവിധ വിഭാഗങ്ങൾ അനുസരിച്ച് നിക്ഷേപകർക്കുള്ള വിസ, മികച്ച പ്രകടനം നടത്തിയ വിദ്യാർഥികൾക്കുള്ള വിസ എന്നിവക്ക് നിലവിൽ അഞ്ച് വർഷം മുതൽ 10 വർഷം വരെയാണ് കാലാവധി.ദുബൈ കൾചറിന്റെ https://dubaigaming.gov.ae/ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. 25 വയസ്സാണ് പ്രായപരിധി. വിദ്യാഭ്യാസ യോഗ്യത, സമൂഹത്തിന് നൽകിയ സംഭാവനകൾ, ജോലിയിലെ പങ്കാളിത്തം എന്നിവ കൂടാതെ പാസ്പോർട്ടിന്റെ പകർപ്പ്, വിസ, ഇ.ഐ.ഡി, ബയോഡേറ്റ, സർഗാത്മകമായ സംഭാവനകൾ, താമസസ്ഥലം, ജോലി ചെയ്യുന്ന ഇടം എന്നീ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ദുബൈ കൾചറിന്റെ അംഗീകാരം ലഭിച്ച ശേഷം പ്രാദേശിക/ഫെഡറൽ അതോറിറ്റികളുടെ അനുമതി കൂടി ലഭിച്ചാലേ വിസ അനുവദിക്കൂ. കാരണം വ്യക്തമാക്കാതെ അപേക്ഷ നിരസിക്കാനുള്ള അധികാരം ദുബൈ കൾചറിനുണ്ട്. കഴിഞ്ഞ നവംബറിൽ ദുബൈ ഭരണാധികാരിയും എക്സിക്യുട്ടീവ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അവതരിപ്പിച്ച ദുബൈ പ്രോഗ്രാം ഫോർ ഗെയിമിങ് 2023 സംരംഭത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി.
ഗെയിമിങ് നിർമാണ മേഖലയിൽ ലോകത്തെ 10 പ്രമുഖ നഗരങ്ങളിൽ ഒന്നായി ദുബൈയെ മാറ്റുകയെന്നതാണ് ലക്ഷ്യം. ഇതു വഴി ദുബൈയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വളർച്ചയും 2033ഓടെ ജി.ഡി.പി 100 കോടിയായി വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. 2033 ഓടെ ഇ-ഗെയിമിങ് മേഖലയിൽ 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ദുബൈ ലക്ഷ്യമിടുന്നതായി ദുബൈ കൾചർ ഡയറക്ടർ ജനറൽ ഹല ബദ്രി പറഞ്ഞു.