ചാറ്റ്ജിപിടി സംവിധാനം ഭരണത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം; ആലോചനയുമായി ദുബായ് ഭരണകൂടം
ചാറ്റ്ജിപിടി പോലുള്ള പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യകളെ കുറിച്ച് പഠിക്കാനും അവ സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് ആലോചന നടത്താനും ദുബായ് ഭരണകൂടം. ചാറ്റ്ജിപിടിയെ സർക്കാരിന് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് വിലയിരുത്താനും ബന്ധപ്പെട്ട അധികാരികളോട് യുഎഇ കാബിനറ്റ് ആവശ്യപ്പെട്ടു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.
വിദ്യാഭ്യാസം, ആരോഗ്യം, മാധ്യമങ്ങൾ, മറ്റ് മേഖലകൾ എന്നിവയിൽ ഇത്തരം സാങ്കേതികവിദ്യകൾ ചെലുത്തുന്ന സ്വാധീനം പഠനത്തിലൂടെ കണ്ടെത്തുമെന്ന് അത് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകൾ ആരായുകയുമാണ് ഇതേക്കുറിച്ചുള്ള പഠനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. മനുഷ്യ രചനകളെ അനുകരിക്കാൻ ചാറ്റ്ജിടിപി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു.
കാലിഫോർണിയ കമ്പനിയായ ഓപ്പൺഎഐയുടെ സോഫ്‌റ്റ്വെയർ ശതകോടിക്കണക്കിന് വാക്കുകളും ടൺ കണക്കിന് ഓൺലൈൻ ഡാറ്റും ഉപയോഗിക്കാൻ പരിശീലിച്ചിട്ടുണ്ട്. ഇതിന് മനുഷ്യൻ എഴുതുന്നതു പോലെയുള്ള വാചകങ്ങൾ എഴുതാനും വേണമെങ്കിൽ മികച്ച സ്‌കൂൾ ഉപന്യാസങ്ങൾ രചിക്കാനും ഉൾപ്പെടെ ശേഷിയുണ്ട്. നേരത്തേ നമ്മുടെ ചോദ്യങ്ങൾക്ക് റെക്കോഡ് ചെയ്തുവച്ച മറുപടിയാണ് സോഫ്റ്റ് വെയർ വഴിയുള്ള ചാറ്റ് സംവിധാനങ്ങൾ നൽകാറുള്ളതെങ്കിൽ ചാറ്റ്ജിപിടി നമ്മുടെ അനുബന്ധ ചോദ്യങ്ങൾക്കും മറുപടി നൽകും. നിർദ്ദേശങ്ങൾക്ക് അനുസൃതമായി ലേഖനങ്ങളും ഉപന്യാസങ്ങളും തമാശകളും കവിതകളും പോലും സൃഷ്ടിക്കാൻ ചാറ്റ് ജിപിക്ക് കഴിയും.