ബൈക്ക് ഡെലിവറി റൈഡർമാർക്കായി വിശ്രമം കേന്ദ്രം ഒരുക്കാൻ ദുബൈ
ദുബൈ എമിറേറ്റ്സിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഡെലിവറി റൈഡർമാർക്ക് എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നു. റൈഡർമാരുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യംവെച്ചാണ് റോഡ് ഗതാഗത അതോറിറ്റി 40 വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നത്. അടുത്ത വർഷം ജൂലൈയിൽ പ്രവർത്തനമാരംഭിക്കുന്ന രൂപത്തിലാണ് നിർമാണം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഓരോ ഡെലിവറിയും പൂർത്തിയാക്കിയ ശേഷം അടുത്ത ഓഡർ ലഭിക്കുന്നതുവരെ ഈ കേന്ദ്രങ്ങളിൽ സൗകര്യപൂർവം വിശ്രമിക്കാൻ സാധിക്കും. റോഡരികിലും മറ്റും കനത്ത ചൂടിൽ കാത്തിരിക്കുന്നത് ഒഴിവാക്കാൻ ഇത് സഹായകമാകും. മികച്ച വിശ്രമം റോഡ് സുരക്ഷ വർധിക്കാനും നിയമലംഘനങ്ങൾ കുറക്കാനും സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.വാട്ടർ കൂളർ, സ്നാക് ഡിസ്പെൻസർ, മൊബൈൽ ചാർജിങ് സ്റ്റേഷൻ എന്നിവയടക്കമുള്ള സൗകര്യങ്ങൾ എല്ലാ കേന്ദ്രങ്ങളിലുമുണ്ടാകും. ഓരോ വിശ്രമ കേന്ദ്രങ്ങളിലും 10 പേർക്ക് വരെ ഒരേസമയം ഇരിക്കാൻ സൗകര്യമുണ്ടാകും.
ട്രാഫിക് സുരക്ഷയിൽ ലോകത്തെ ഏറ്റവും മികച്ച നഗരമാകാനാണ് ദുബൈ ലക്ഷ്യമിടുന്നതെന്നും വിശ്രമ കേന്ദ്രങ്ങളുടെ നിർമാണം ഡെലിവറി റൈഡർമാർക്ക് ഏറ്റവും മികച്ച തൊഴിൽ സാഹചര്യം സൃഷ്ടിക്കുകയും സുരക്ഷ ഉറപ്പുവരുത്തുന്നതുമാണെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. അതിവേഗം വളരുന്ന ഡെലിവറി മേഖലയെ ശക്തിപ്പെടുത്തുന്നതിനും ക്രമപ്പെടുത്തുന്നതിനും നിരവധി പരിഷ്കരണങ്ങൾ അധികൃതർ നേരത്തെ മുതൽ നഗരത്തിൽ നടപ്പാക്കിയിട്ടുണ്ട്. ബോധവത്കരണ പരിപാടികളും റൈഡർമാർക്ക് പ്രഫഷനൽ സർട്ടിഫിക്കേഷനും ഇതിന്റെ ഭാഗമായുള്ളതാണ്. ഇതിന്റെ തുടർച്ചയായാണ് പുതുതായി വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നത്.
ഡെലിവറി കമ്പനികളുമായി ചേർന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിലാണ് കേന്ദ്രങ്ങൾ നിർമിക്കുന്നത്. അറേബ്യൻ റേഞ്ചസ്, ഇന്റർനാഷനൽ സിറ്റി, ബിസിനസ് ബേ, അൽ ഖൂസ്, അൽ കറാമ, അൽ സത്വ, അൽ ജദ്ദാഫ്, മിർദിഫ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇവയിൽ ഉൾപ്പെടും.അൽ ബർഷയിൽ രണ്ട് വിശ്രമകേന്ദ്രങ്ങൾ നിലവിൽ തന്നെ നിർമിച്ചിട്ടുണ്ട്. ദുബൈയിൽ ബൈക്കിൽ ഡെലിവറി നൽകുന്ന കമ്പനികളുടെ എണ്ണം കഴിഞ്ഞ വർഷത്തോടെ 2,891എണ്ണമായിട്ടുണ്ട്. 2021നേക്കാൾ 40 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്.