ദമാക് ഹിൽസ് 2വിലേക്ക് പുതിയ ബസ് സർവീസുമായി ദുബൈ ആർടിഎ ; സർവീസ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
ജൂലൈ ഒന്ന് മുതൽ ദുബൈ എമിറേറ്റിലെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രമുഖ റെസിഡൻഷ്യൽ ഇടമായ ദമാക് ഹിൽസ് 2വിലേക്ക് പുതിയ ബസ് സർവിസുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
അഞ്ചു ദിർഹമാണ് ടിക്കറ്റ് നിരക്ക്. സർവിസിന് മുന്നോടിയായി ആർ.ടി.എയുടെ ലോഗോ പതിച്ച ബസ് സ്റ്റോപ് അടയാളങ്ങൾ ദമാകിലെ ചിലയിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഡി.എ2 എന്ന് പേരിട്ടിരിക്കുന്ന പുതിയ റൂട്ടിന്റെ വിശദാംശങ്ങളും ഇതിൽ കാണാനാകും. ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ദമാക് ഹിൽസ് 2വിന്റെ ക്ലസ്റ്ററുകൾക്ക് ചുറ്റിലൂടെയും കടന്നുപോകുന്ന രീതിയിലാണ് ബസ് സർവിസ് ആർ.ടി.എ ക്രമീകരിച്ചിരിക്കുന്നത്.
രണ്ട് മണിക്കൂർ ഇടവിട്ട് ഇവിടെ നിന്ന് സർവിസ് ഉണ്ടാകുമെന്നാണ് ബസ് സ്റ്റോപ്പിൽ സ്ഥാപിച്ച സൂചന ബോർഡിൽ നിന്ന് വ്യക്തമാകുന്നത്. കമ്യൂണിറ്റിയിൽ നിന്നുള്ള ആദ്യ ട്രിപ് രാവിലെ 5.47നും അവസാന ട്രിപ് രാത്രി 9.32നുമാണ്.
നിലവിൽ ദമാക് ഹിൽസ് 2 നിവാസികൾ യാത്രക്കായി ആശ്രയിക്കുന്നത് ടാക്സി സർവിസുകളെയാണ്. 100 ദിർഹമാണ് ഇവിടെനിന്ന് ദുബൈ സ്റ്റുഡിയോ സിറ്റിയിലേക്ക് യാത്ര ചെയ്യാനുള്ള ടാക്സി നിരക്ക്. പുതിയ ബസ് സർവിസ് ആരംഭിക്കുന്നതോടെ ഇത് അഞ്ചു ദിർഹമായി കുറയും.
ദുബൈ സ്റ്റുഡിയോ സിറ്റിയിലെത്തിയാൽ ഇവിടെനിന്ന് മെട്രോ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് മറ്റു ബസുകൾ ലഭിക്കാൻ എളുപ്പമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദമാക് ഹിൽസ് 2വിൽ ജനസംഖ്യ വർധിച്ചിട്ടുണ്ട്. താരതമ്യേന വാടക കുറവാണെന്നതാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്ന ഒരു ഘടകം.