ദുബൈ റൈഡ് ; ഇത്തവണത്തേത് റെക്കോർഡ് പങ്കാളിത്തം
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള കമ്യൂണിറ്റി സൈക്ലിങ് ഇവന്റായ ദുബൈ റൈഡിന്റെ അഞ്ചാമത് എഡിഷനിൽ റെക്കോഡ് പങ്കാളിത്തം. പരിപാടിയിൽ പങ്കെടുക്കാനായി ഞായറാഴ്ച പുലർച്ചെ മുതൽ നഗരത്തിന്റെ നാനാഭാഗത്തു നിന്ന് ജനം ഒഴുകിയെത്തിയതോടെ ശൈഖ് സായിദ് റോഡ് അക്ഷരാർഥത്തിൽ ജന നിബിഡമായി മാറി. 37,130 പേരാണ് ഇത്തണ ദുബൈ റൈഡിൽ പങ്കെടുത്തത്.
തുടക്കക്കാർക്കും പരിചയ സമ്പന്നരായ സൈക്ലിസ്റ്റുകൾക്കും ദുബൈയുടെ പ്രധാന ആകർഷണങ്ങൾ തൊട്ടടുത്ത് അനുഭവിച്ചറിയാനുള്ള അസുലഭ മുഹൂർത്തം കൂടിയായായിരുന്നു ദുബൈ റൈഡ്. ഇത്തവണ വ്യത്യസ്ത രണ്ട് റൂട്ടുകൾ അനുവദിച്ചിരുന്നു. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, ദുബൈ ഒപേര, ബുർജ് ഖലീഫ എന്നിവിടങ്ങളിലൂടെ ഡൗൺ ടൗൺ ദുബൈക്ക് ചുറ്റുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന കുടുംബ സൗഹൃദപരമായ നാല് കിലോമീറ്റർ ട്രാക്കും ശൈഖ് സായിദ് റോഡ്, ബുർജ് ഖലീഫ, മ്യൂസിയം ഓഫ് ഫ്യൂചർ, ദുബൈ വാട്ടർ കനാൽ എന്നിവിടങ്ങളിലൂടെ പോകുന്ന 12 കിലോമീറ്റർ റൂട്ടുമാണിത്.കൂടാതെ പരിചയ സമ്പന്നരായ സൈക്ലിസ്റ്റുകൾക്കായി വേഗംകൂടിയ ലാപ്പുകൾ അനുവദിച്ചിരുന്നു. മണിക്കൂറിൽ 30 കിലോമീറ്ററായിരുന്നു ഈ ലാപ്പിന്റെ വേഗം. ലോകത്തെ ഏറ്റവും മികച്ച ട്രയാത്ലറ്റുകളിൽ ഒരാളായ ടെയ്ലർ സ്പൈവി, പാരിസ് ഒളിമ്പിക്സിലെ ട്രയാത്ത്ലണിൽ വെള്ളി മെഡൽ ജേതാവ് സഫിയ അൽ സയേഗ് എന്നിവർ സൈക്ലിങിൽ പങ്കെടുത്തു.
ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് 2017ൽ തുടക്കമിട്ടത്. 30 ദിവസം 30 മിനിറ്റ് നേരം വ്യായാമത്തിനായി മാറ്റിവെക്കുകയെന്ന സന്ദേശമാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച് മുന്നോട്ടുവെക്കുന്നത്. ഒക്ടോബർ 26ന് ആരംഭിച്ച ചലഞ്ച് നവംബർ 24ന് ദുബൈ റണ്ണോടെ അവസാനിക്കും.