മദേഴ്സ് എൻഡോവ്മെന്റ് പദ്ധതിയിലേക്ക് 10 ലക്ഷം ദിർഹം സംഭാവന നൽകി ദുബൈ പൊലീസ്
ലോകത്താകമാനം വിദ്യാഭ്യാസ സഹായമെത്തിക്കുന്നതിന് രൂപപ്പെടുത്തിയ ‘മദേഴ്സ് എൻഡോവ്മെന്റ്’ പദ്ധതിയിലേക്ക് ദുബൈ പൊലീസ് 10 ലക്ഷം ദിർഹം സംഭാവന നൽകി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ച ക്യാമ്പയിനിലൂടെ റമദാനിൽ 100 കോടി ദിർഹമിന്റെ വിദ്യാഭ്യാസ ഫണ്ട് സ്വരൂപിക്കുകയാണ് ലക്ഷ്യം.
ലോകത്താകമാനമുള്ള അധ:സ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സഹായമെത്തിക്കാനുള്ള ക്യാമ്പയിനിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്ന് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ഇതിനകം 140 കോടി ദിർഹം സമാഹരിക്കാൻ മദേഴ്സ് എൻഡോവ്മെന്റിന് കഴിഞ്ഞു. ഈ വർഷത്തെ റമദാനിന് മുന്നോടിയായാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. വിവിധ ജീവകാരുണ്യ സംരംഭങ്ങളുമായി ചേർന്നാണ് ദുർബല സമൂഹങ്ങൾക്കു വേണ്ടി വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുക.
മാതാക്കൾ സമൂഹത്തിൽ നിർവഹിക്കുന്ന ദൗത്യത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ‘മദേഴ്സ് എൻഡോവ്മെന്റ്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ജനങ്ങൾക്ക് അവരുടെ മാതാക്കളുടെ പേരിൽ സംഭാവന ചെയ്യാനാണ് ക്യാമ്പയിൻ സൗകര്യമൊരുക്കുന്നത്. റമദാനിലെ രണ്ടാഴ്ചയിൽ 77 കോടി ദിർഹം സമാഹരിച്ച പദ്ധതി, പിന്നീടുള്ള ഒരാഴ്ചക്കിടെയാണ് ഇരട്ടിയോളം ഫണ്ട് കൂടി നേടിയത്. യു.എ.ഇയിലെ നിരവധി വ്യവസായികളും സംരംഭങ്ങളും സ്ഥാപനങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി.