തടവുകാർക്ക് തയ്യൽ പരിശീലന സൗകര്യമൊരുക്കി പൊലീസ്
എമിറേറ്റിലെ പൊലീസ് വകുപ്പിലെ ജയിൽ വിഭാഗം ഡന്യൂബ് ഗ്രൂപ്പുമായി സഹകരിച്ച് തടവുകാർക്ക് തയ്യൽ പരിശീലന സംവിധാനം ഒരുക്കി. തടവുകാരുടെ പുനരധിവാസ പദ്ധതികളുമായി ബന്ധപ്പെട്ടാണ് തൊഴിലധിഷ്ഠിത പരിശീലനത്തിന് സംരംഭം ഒരുക്കിയത്. ദുബൈ പൊലീസ് ജയിൽ വകുപ്പ് ഡയറക്ടർ ബ്രി. മർവാൻ അബ്ദുൽ കരീം ജൽഫാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും പുനരധിവാസത്തിനും തുടർജീവിതത്തിനും സഹായകമാകുന്ന എല്ലാ മാർഗങ്ങളും വിവിധ പങ്കാളികളുമായി ചേർന്ന് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തടവുകാർക്ക് ഒരു തൊഴിൽ പരിശീലിക്കാനും കുടുംബത്തിനും സ്വന്തത്തിനും ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഒരു ജോലി കരസ്ഥമാക്കാനും സഹായിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തടവുകാർ തുന്നിയെടുക്കുന്ന ഫാഷൻ വസ്ത്രങ്ങൾ വിപണിയിൽ ലഭ്യമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്ക് പിന്തുണ നൽകിയ ഡന്യൂബ് ഗ്രൂപ്പിന് അധികൃതർ നന്ദിയറിയിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ജയിൽ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രി. ജനറൽ സലാഹ് ജുമാ ബൂ ഉസൈദ, ഡന്യൂബ് ഗ്രൂപ് എക്സി. ഡയറക്ടർ റിസ്വാൻ സാജൻ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.