ദുബൈ പൊലീസ് വ്യോമ വിഭാഗം പൂർത്തിയാക്കിയത് 304 ദൗത്യങ്ങൾ
ദുബൈ എമിറേറ്റിലെ സുരക്ഷിത ജീവിതം ഉറപ്പുവരുത്തുന്നതിന് മുഴുസമയം സജീവമായ ദുബൈ പൊലീസിന്റെ ഭാഗമായ വ്യോമവിഭാഗം 304 ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി.ഈ വർഷം ആദ്യ ആറുമാസത്തിലാണ് ഇത്രയും സുരക്ഷാ ദൗത്യങ്ങൾ എയർ വിങ്ങിന് പൂർത്തീകരിക്കാൻ സാധിച്ചത്.
പരിക്കേറ്റവരെയും രോഗികളെയും ആശുപത്രിയിലെത്തിക്കുക, സങ്കീർണമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുക,വ്യത്യസ്ത പരിശീലന പരിപാടികൾ ഒരുക്കുക എന്നിങ്ങനെ വൈവിധ്യമാർന്ന ദൗത്യങ്ങൾ ഇവയിൽ ഉൾപ്പെടും. അതോടൊപ്പം എമിറേറ്റിൽ സുരക്ഷ വർധിപ്പിക്കുന്നതിന് ആവശ്യമായ വിവിധ പൊലീസ് ഇടപെടലുകളിലും വ്യോമവിഭാഗം പങ്കെടുത്തിട്ടുണ്ട്.
എയർവിങ് നടത്തിയ മൊത്തം ദൗത്യങ്ങളിൽ 140 എണ്ണം പെട്രോളിങ് ജോലികളുമായി ബന്ധപ്പെട്ടവയാണ്.64 എണ്ണം പൊലീസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയും 66എണ്ണം പരിശീലന ആവശ്യങ്ങൾക്കായുള്ളതുമായിരുന്നു. കൂടാതെ,രോഗികളെയും പരിക്കേറ്റവരെയും കൊണ്ടുപോകുന്നതിനായി 29 ദൗത്യങ്ങൾ നടത്തി. തിരച്ചിൽ രക്ഷാദൗത്യത്തിന്റെ ഭാഗമായി അഞ്ചു ദൗത്യങ്ങളും പൂർത്തിയാക്കി.
ഗതാഗത സംബന്ധമായ സംഭവങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ദുബൈ പൊലീസിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് യൂണിറ്റിന്റെ പ്രതിജ്ഞാബദ്ധത എടുത്തു പറയേണ്ടതാണെന്ന് എയർവിങ് സെൻറർ ഡയറക്ടർ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ ബ്രി.അലി അൽ മുഹൈരി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വ്യക്തികളെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതടക്കം നിരവധി ജീവകാരുണ്യപരമായ ദൗത്യങ്ങളും എയർവിങ് ഏറ്റെടുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ പൊലീസ് എയർവിങ് സെന്ററിലെ പൈലറ്റുമാർ ഏത് സാഹചര്യത്തിലും കഴിയുന്നത്ര വേഗത്തിൽ സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് തുടർച്ചയായ പരിശീലനം നേടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.ഉയർന്ന പ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ദ്രുതഗതിയിലുള്ള ദൗത്യങ്ങൾ നടത്താൻ അവരെ പ്രാപ്തരാക്കുന്ന, അടിയന്തര സാഹചര്യങ്ങൾക്കായി രൂപകൽപന ചെയ്ത പ്രത്യേക കോഴ്സുകളിലും ഇവർ പങ്കെടുക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.