ദുബായ് പൊലീസിലേക്ക് ബെന്റ്ലി ജിടി വി8
ദുബായ് പൊലീസിന്റെ വാഹന ശേഖരത്തിലേക്കു പുതിയൊരു അത്യാഢംബര കാറു കൂടി. ബെന്റ്ലിയുടെ ജിടി വി8 എന്ന മോഡലാണ് പുതുതായെത്തിയത്. 8 സിലിണ്ടർ എൻജിനോടു കൂടിയ വണ്ടിക്ക് 542 കുതിരശക്തിയുണ്ട്.
100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടത് വെറും 3.9 സെക്കൻഡ്. ചൈനയുടെ റോൾസ് റോയിസ് എന്നറിയപ്പെടുന്ന ഹോങ്ഖി എച്ച്എസ്9ന്റെ ഇലക്ട്രിക് വാഹനം പൊലീസിൽ ചേർന്നതിനു പിന്നാലെയാണ് അടുത്ത അഢംബര വാഹനത്തിന്റെ വരവ്. ലാൻഡ് ക്രൂയിസർ, മെഴ്‌സിഡീസ്, ബിഎംഡബ്ല്യു കമ്പനികളുടെ കാറുകൾ ദുബായ് പൊലീസിനുണ്ട്.
ദുബായ് പൊലീസ് ഓഫിസേഴ്‌സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ക്രൈം ഇൻവസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ ജമാൽ അൽ ജല്ലാഫ് വാഹനം അവതരിപ്പിച്ചു. ബെന്റ്ലി മാനേജർ ഡാനി കക്കൂണ്, മൈക്കിൾ കെയ്‌റി എന്നിവരും പങ്കെടുത്തു. ബെന്റ്‌ലിയുടെ വിതരണക്കാരായ അൽ ഹബ്ത്തൂർ മോട്ടോഴ്‌സ് ആണ് പൊലീസിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചു കാർ രൂപപ്പെടുത്തി നൽകിയത്.